ലഹരിവില്‍പ്പനക്കാരെ പൂട്ടാന്‍ പൊലീസിന്റെ ഓപ്പറേഷന്‍ കാവല്‍! കൊയിലാണ്ടി ചേലിയയില്‍ നിന്നും 12 ലിറ്റര്‍ ചാരായം പിടികൂടി


കൊയിലാണ്ടി: ചേലിയയില്‍ നിന്നും പന്ത്രണ്ട് ലിറ്റര്‍ നാടന്‍ ചാരായം പിടികൂടി. ചേലിയ ഈയ്യക്കണ്ടിമുക്കിലെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായി കിടക്കുന്ന കുളിമുറിയില്‍ നിന്നാണ് ചാരായം പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.

ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ മുന്‍നിര്‍ത്തി ലഹരിവില്‍പ്പന സജീവമാകുമെന്നത് മുന്നില്‍കണ്ട് ഇതിനെ പ്രതിരോധിക്കാന്‍ ഓപ്പറേഷന്‍ കാവല്‍ എന്ന പേരില്‍ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ചേലിയയില്‍ റെയ്ഡ് നടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കൊയിലാണ്ടി സി.ഐ സുനില്‍കുമാര്‍, എസ്. ഐമാരായ ശ്രീജേഷ്, അനുപ്, സി.പി.ഒമാരായ സുരേഷ്, രാഗേഷ്, സനല്‍, ഡബ്ല്യു.സി.പി.ഒ ബിന്ദു എന്നിവരാണ് റെയ്ഡ് നടത്തിയത്.