ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് തിരിച്ചടി; അസി.പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലംമാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തു


കൊച്ചി: ലക്ഷദ്വീപിലെ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതി ചുമതലകളില്‍നിന്ന് നീക്കി സര്‍ക്കാര്‍ ജോലികളില്‍ നിയോഗിച്ചതാണ് തടഞ്ഞത്. സ്ഥലംമാറ്റ ഉത്തരവിനെ തുടര്‍ന്ന് കോടതിയുടെ നടപടികള്‍ സ്തംഭിച്ചെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ മറുപടി നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു.

അതേസമയം, അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഗോഡ പട്ടേലിന്‍റെ ഭരണപരിഷ്കാരത്തില്‍ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള പരിഷ്കാരങ്ങളാണ് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തില്‍ ദ്വീപില്‍ നടപ്പിലാക്കി ക്കൊണ്ടിരിക്കുന്നതെന്നാണ് വിമര്‍ശനം.

നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ ആഭ്യന്തര മന്ത്രിയായിരുന്ന പ്രഫുൽ കെ. പട്ടേൽ 2020 ഡിസംബറിലാണ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റത്. പദവിയേറ്റതുമുതൽ പട്ടേലിന്റെ തീരുമാനങ്ങൾ വിവാദമായി. കരാർ അടിസ്ഥാനത്തിൽ ജോലിചെയ്തിരുന്ന 200 ഹൈസ്കൂൾ അധ്യാപകരെ പിരിച്ചുവിട്ടു. ഇതിനെതിരേ സമരം നടത്തിയ വിദ്യാർഥികളെ അടിച്ചമർത്തി. പ്രതികരിച്ച കെ.എസ്.യു.വിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു. പിന്നീട് ദ്വീപിലെ വാർത്താപോർട്ടൽ വിലക്കി. ഗുണ്ടാ നിയമം നടപ്പാക്കി.

ഓരോ ദ്വീപിലുമുള്ള സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാരെ പിരിച്ചുവിടുകയും ദ്വീപിലെ ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥർക്ക് ചുമതല നൽകുകയും ചെയ്തു. ടൂറിസം വകുപ്പിൽനിന്ന് 190 പേരെ പിരിച്ചുവിട്ടു. ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ച് അഡ്മിനിസ്ട്രേറ്ററുടെ വരുതിയിലാക്കി. തീരസംരക്ഷണ നിയമത്തിന്റെ പേരുപറഞ്ഞ്, കടലോരങ്ങളിലെ മീൻപിടിത്തക്കാരുടെ ഉപകരണങ്ങളും വലയും ഷെഡ്ഡുകളും നീക്കി. മൃഗസംരക്ഷണവകുപ്പ് നടത്തിയിരുന്ന രണ്ട് ഡെയറിഫാമുകൾ നഷ്ടത്തിലാണെന്നു പറഞ്ഞ് പൂട്ടി. കന്നുകാലികളെ കിലോയ്ക്ക് 250 രൂപ നിരക്കിൽ ലേലംചെയ്ത് വിൽക്കാനാണ് ഉത്തരവ്.

ബേപ്പൂർ തുറമുഖംവഴിയാണ് ലക്ഷദ്വീപിൽനിന്നുള്ള ചരക്കുനീക്കം ഏറിയകൂറും നടന്നുവരുന്നത്. ഇത് റദ്ദാക്കാനും മംഗളൂരു തുറമുഖം വഴി ചരക്ക് കയറ്റിറക്ക് തുടരാനും ടെൻഡർ വിളിക്കാൻ ദ്വീപ് തുറമുഖാധികൃതരോട് കല്പിച്ചു. ബേപ്പൂർ തുറമുഖം വഴി ദ്വീപിലേക്ക് കന്നുകാലികളെ കയറ്റുന്നത് നിരോധിക്കുന്ന കരട് നിയമമുണ്ടാക്കി.