ലക്ഷണങ്ങളില്ലാത്ത കൊവിഡിനെ നിസാരമായി കാണല്ലേ!!!
കോഴിക്കോട്: കൊവിഡ് 19 രോഗം പരത്തുന്ന വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയില്‍ മൂന്നാമതൊരു കൊവിഡ് തരംഗത്തിന് വഴിവെച്ചിരിക്കുകയാണ്. വ്യാപനശേഷി വെച്ചു നോക്കുമ്പോള്‍ കൊവിഡിന്റെ ഈ വകഭേദം മറ്റു വകഭേദങ്ങളേക്കാള്‍ ഏറെ അപകടകാരിയാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കാന്‍ സാധിക്കുമെന്നതായിരുന്നു ഡല്‍റ്റ വകഭേദത്തേക്കാള്‍ മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗം വ്യാപിപ്പിക്കാന്‍ ഒമിക്രോണിന് കഴിയും.
രണ്ടുവര്‍ഷത്തിലേറെയായി കൊവിഡ് നിലനില്‍ക്കുന്ന ലോകത്ത് ജീവിച്ചവരെന്ന നിലയില്‍ നമുക്കിന് തുടക്കത്തിലുണ്ടായിരുന്ന ജാഗ്രതയും കരുതലുമെല്ലാം നഷ്ടമായിരിക്കുകയാണ്. നിസാരമായ ജലദോഷപ്പനിപോലെയാണ് പലരും ഇന്ന് കൊവിഡിനെ കണക്കാക്കുന്നത്. എന്നാല്‍ ഈ സമീപനം ആപത്ത് വിളിച്ചുവരുത്തുമെന്നാണ് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ അടക്കം മുന്നറിയിപ്പു നല്‍കുന്നത്.
ഒമിക്രോണ്‍ അത്ര ഗുരുതരമല്ലെന്നാണ് പൊതുവെ കരുതുന്നത്. എന്നാല്‍ പുതിയ വകഭേദം കാലക്രമത്തില്‍ ശരീരത്തില്‍ മറ്റെന്തെങ്കിലും പ്രയാസങ്ങള്‍ സൃഷ്ടിക്കുമോയെന്നൊന്നും ഇപ്പോള്‍ മനസിലാക്കാന്‍ സാധിക്കില്ല. അതിനാല്‍ കഴിയുന്നതും രോഗം പിടിപെടാതിരിക്കാന്‍ കരുതലെടുക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
പനി, ചുമ, ശരീരവേദന, തളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങളാണ് കൊവിഡിന്റേതായി നിലവില്‍ അധികപേരിലും കാണുന്നത്. ഇതില്‍ തന്നെ പനി ഇല്ലാതെ ചുമ മാത്രം ലക്ഷണമായി വരുന്നവരുമുണ്ട്. ഇനി ഇപ്പറഞ്ഞ ലക്ഷണങ്ങളില്‍ ഒന്നുപോലും പ്രകടമാകാതെ പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരുമുണ്ട്.
ഏതുതരത്തിലുള്ളതായാലും കൊവിഡിനെ നിസാരമായി കാണരുത്. കാരണം രോഗലക്ഷണങ്ങള്‍ അവസാനിച്ചശേഷവും രോഗിയില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന ലോങ് കൊവിഡ് എന്ന അവസ്ഥ ഏറെ വിഷമതകളുണ്ടാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ലക്ഷണങ്ങള്‍ ഉള്ളവരെന്നോ, ഇല്ലാത്തവരെന്നോ വ്യത്യാസവും വരുന്നില്ല.
എന്താണ് ലോങ് കൊവിഡ്?
കൊവിഡ് ലക്ഷണമായി വരുന്ന ചുമ, ശരീരവേദന, തളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്നതിനെയാണ് ‘ലോങ് കൊവിഡ്’ എന്ന് വിളിക്കുന്നത്. ചിലര്‍ക്ക് കൊവിഡിന്റെ ഭാഗമായി ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ഇവരില്‍ ഒരു വിഭാഗം പേര്‍ക്ക് ഇത് കൊവിഡ് നെഗറ്റീവായതിന് ശേഷവും മാസങ്ങളോളം നീണ്ടുനിന്നിട്ടുണ്ട്. അത്ര നിസാരമായ ഒരു പ്രശ്നമായി ഇതിനെ സമീപിക്കുക സാധ്യമല്ല.
തളര്‍ച്ചയാണ് ലോങ്് കൊവിഡില്‍ കാണുന്ന ഏറ്റവും സാധാരണമായ പ്രശ്നം. നിത്യജീവിതത്തില്‍ കാര്യങ്ങള്‍ ചെയ്തുതീര്ക്കാന് പോലും പ്രയാസം തോന്നിക്കുന്ന തരത്തില്‍ ശരീരത്തെ തളര്‍ത്തുന്ന അവസ്ഥയാണിതില്‍ ഉണ്ടാകുന്നത്. ലോങ് കൊവിഡ് ഉണ്ടാക്കുന്ന മറ്റൊരു ബുദ്ധിമുട്ടാണ് ഓര്‍മ്മക്കുറവും കാര്യങ്ങളില്‍ വ്യക്തതയില്ലായ്മ അനുഭവപ്പെടുന്നതും. ‘ബ്രെയിന്‍ ഫോഗ്’ എന്നാണ് ഡോക്ടര്‍മാര്‍ ഈ അവസ്ഥയെ വിളിക്കുന്നത്. പേര് സൂചിപ്പിക്കും പോലെ തന്നെ തലച്ചോറില്‍ പുകമറ വീഴുന്നത് പോലൊരു അവസ്ഥയാണിത്. ഇത്തരത്തിലുണ്ടാകുന്ന ഓര്‍മ്മക്കുറവും പ്രശ്നങ്ങളും പല കൊവിഡ് രോഗികളിലും ദീര്‍ഘകാലത്തേക്ക് കണ്ടതായി ‘ഓക്സ്ഫര്‍ഡ് യൂണിവേഴ്സിറ്റി’യില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു.
നേരത്തെ ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്നവരാണെങ്കില്‍ തീര്‍ച്ചയായും കൊവിഡ് നിങ്ങള്‍ ഗൗവമായി തന്നെ എടുക്കേണ്ടതുണ്ട്. കാരണം ഇത് ഏത് വിധത്തില്‍, ഏതെല്ലാം അവയവങ്ങളെ ബാധിക്കുമെന്നത് പ്രവചിക്കുക സാധ്യമല്ല. കൊവിഡ് മരണനിരക്ക് പരിശോധിക്കുമ്പോഴും നേരത്തേ ആരോഗ്യപ്രശ്നങ്ങളുള്ളവരെയാണ് അധികവും രോഗം കവര്‍ന്നിരിക്കുന്നത്.
വാക്സിന് നിര്‍ബന്ധം
വാക്സിന് എടുത്തിട്ടും രോഗം വരുന്നില്ലേ എന്തിന് വാക്സിനെടുക്കണം തുടങ്ങിയ ചോദ്യങ്ങള്‍ ചിലര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ വാക്സിന് എടുക്കുന്നവരില്‍ രോഗബാധയ്ക്കും രോഗം ഗുരുതരമാകുന്നതിനുമുള്ള സാധ്യത വളരെ കുറവാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ വാക്സിനുകളോട് മുഖം തിരിക്കേണ്ടതില്ല.