റോഷി അഗസ്റ്റിന്‍ മന്ത്രിയാകും; ഡോ.എന്‍ജയരാജ് ചീഫ് വിപ്പ്, അന്തിമ തീരുമാനമായി


തിരുവനന്തപുരം: റോഷി അഗസ്റ്റിന്‍ കേരള കോണ്‍ഗ്രസ് എം മന്ത്രിയാകും. ഡോ.എന്‍ജയരാജ് ചീഫ് വിപ്പ് ആകും. പാര്‍ട്ടി തീരുമാനം അറിയിച്ച് ചെയര്‍മാന്‍ ജോസ് കെ. മാണി പിണറായി വിജയനും ഇടതുമുന്നണി കണ്‍വീനര്‍ക്കും കത്ത് നല്‍കി. കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാണ് റോഷി അഗസ്റ്റിന്‍. പാര്‍ട്ടി ഡെപ്യൂട്ടി ലീഡറാണ് എന്‍.ജയരാജ്.

കേരള കോണ്‍ഗ്രസില്‍ നിന്ന് വിജയിച്ച അഞ്ച് അംഗങ്ങളില്‍ നിന്ന് സീനിയോറിറ്റി അനുസരിച്ചാണ് റോഷി അഗസ്റ്റിന് നറുക്ക് വീണിരിക്കുന്നത്. അഞ്ചാം തവണയാണ് റോഷി അഗസ്റ്റിന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കാഞ്ഞിരപ്പള്ളി എംഎല്‍എ ഡോ.എന്‍ജയരാജ് നാലാം തവണയാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മറ്റന്നാള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. അഞ്ഞൂറ് പേരെ ഉള്‍ക്കൊള്ളിച്ചാണ് സത്യപ്രതിജ്ഞ സംഘടിപ്പിക്കുക.