റോഡ് പണിക്കെത്തിച്ച ജെ.സി.ബി തീവെച്ച് നശിപ്പിച്ചു; സംഭവം കുറ്റ്യാടി കുമ്പളച്ചോലയില്‍


കുറ്റ്യാടി: കുമ്പളച്ചോലയില്‍ റോഡ് പണിക്കെത്തിച്ച ജെ.സി.ബി തീവെച്ച് നശിപ്പിച്ചു. റോഡ് പ്രവര്‍ത്തിക്കായി കെ കെ ബില്‍ഡേഴ്‌സ് ഗ്രൂപ്പ് പയ്യേക്കണ്ടിയില്‍ ഇറക്കിയ ജെ.സി.ബിയാണ് നശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.

നാദാപുരത്ത് നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. കുളങ്ങരത്ത്-നമ്പത്താംകുണ്ട്- വാളൂക്ക് വിലങ്ങാട് റോഡ് പ്രവൃത്തിക്കായി കിഫ്ബിയില്‍ നിന്നും 48 കോടി രൂപയാണ് അനുവദിച്ചത്. ഇതിന്റെ പ്രവൃത്തിക്കായി എത്തിച്ചതായിരുന്നു ജെ.സി.ബി. സംഭവത്തെ പറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപെട്ടു. ഇതിന് മുമ്പ് താവുള്ള കൊല്ലിയില്‍ 41 തെങ്ങ് വാള്‍ കൊണ്ട് വെട്ടിമാറ്റിയ സംഭവവും കുമ്പളച്ചോലയില്‍ നൂറോളം വാഴകള്‍ വെട്ടി നശിപ്പിച്ച സംഭവവും ഉണ്ടായിരുന്നു. ഈ കേസുകളിലെ പ്രതികളെ ഇതുവരെ പിടിച്ചിട്ടില്ലെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് നിശ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറാവണമെന്നും പ്രദേശവാസികള്‍ പറഞ്ഞു.