റോഡ് താഴ്ചയ്ക്ക് പരിഹാരം : ഏഴുകുടിക്കല്‍ പാലത്തിന് സംരക്ഷണ കവചമൊരുക്കുന്നു
കൊയിലാണ്ടി : കാപ്പാട്-കൊയിലാണ്ടി തീരദേശപാതയിലെ ഏഴുകുടിക്കല്‍ പാലത്തിന്റെ സമീപറോഡ് താഴുന്നത് പരിഹരിക്കാന്‍ നടപടി. കടലാക്രമണത്തെത്തുടര്‍ന്ന് പാലത്തിന്റെ തൂണിനടിയില്‍നിന്ന് മണല്‍ ഊര്‍ന്ന് പോകുന്നതുകാരണം സമീപത്തെ റോഡ് അപകടകരമാംവിധം താഴ്ന്നിരുന്നു. ഇത് തടയാന്‍ തൂണിനുചുറ്റും കരിങ്കല്ലും കോണ്‍ക്രീറ്റുമുപയോഗിച്ച് സംരക്ഷണകവചം നിര്‍മിക്കാനാണ് തീരുമാനം.
35 ലക്ഷം രൂപയുടെ തീരപാത നവീകരണപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം. രണ്ടുദിവസം കടല്‍ ചെറിയതോതില്‍ പ്രക്ഷുബ്ധമായതിനാല്‍ പണി തടസ്സപ്പെട്ടിട്ടുണ്ട്. വേലിയേറ്റം കുറഞ്ഞാല്‍ പണി പുനരാരംഭിക്കും.
പാലവുമായി കൂടിച്ചേരുന്നിടത്ത് റോഡിന്റെ അടിഭാഗത്തെ മണല്‍ കടലാക്രമണത്തില്‍ ഒലിച്ചുപോകുന്നതിനാല്‍ റോഡും പാലവും തമ്മില്‍ അരയടിയോളം ഉയര വ്യത്യാസമുണ്ടായിരുന്നു. വാഹനങ്ങള്‍ പാലത്തിലേക്ക് കയറാനും ഇറങ്ങാനും വലിയ തോതില്‍ പ്രയാസപ്പെട്ടിരുന്നു. ഏഴുകുടിക്കല്‍ തോട്ടിലേക്ക് കടലേറ്റത്തില്‍ വെള്ളംകയറുകയും പീന്നീട് ഇറങ്ങുകയും ചെയ്യുമ്പോഴാണ് മണല്‍ ഊര്‍ന്ന് പോകുന്നത്.