റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു; കൂരാച്ചുണ്ട് – ബാലുശ്ശേരി റോഡിന്റ നിര്‍മ്മാണം പുനരാരംഭിച്ചു
കൂരാച്ചുണ്ട്: മഴ കുറഞ്ഞതോടെ കൂരാച്ചുണ്ട് – ബാലുശ്ശേരി റോഡിന്റ നിര്‍മ്മാണം തുടങ്ങി. ആദ്യഘട്ട ടാറിംഗ് (ബി.എം) പ്രവൃത്തിയാണ് ഇവിടെ പുരോഗമിക്കുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ വേഗത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂരാച്ചുണ്ട് പഞ്ചായത്തിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് കൂരാച്ചുണ്ട് – ബാലുശ്ശേരി – കോഴിക്കോട് റോഡ്. ബാലുശ്ശേരി എം.എല്‍.എ ആയിരുന്ന പുരുഷന്‍ കടലുണ്ടിയുടെ സമയത്താണ് കൂരാച്ചുണ്ട് – ബാലുശ്ശേരി റോഡിന്റെ പണി ആരംഭിച്ചത്. 2019 സെപ്റ്റംബര്‍ മാസം അഞ്ചാം തിയ്യതി പൊതുമരാമത്ത് ഏഴ് മാസത്തെ സമയം നല്‍കി ആറ് കി.മീ ദൂരത്തിന് ഏഴ് കോടി രൂപ അനുവദിച്ച് തുടങ്ങിയ റോഡ് പണിയാണ് രണ്ട് വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാവാതെ കിടന്നത്.
സച്ചിന്‍ ദേവ് എംഎല്‍എയും വിഷയം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് പ്രവൃത്തി തുടങ്ങാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിരുന്നെങ്കിലും ശക്തമായ മഴയെ തുടര്‍ന്ന് പ്രവൃത്തി നീണ്ട് പോവുകയായിരുന്നു. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് ഇപ്പോള്‍ പ്രവൃത്തി പുനരാരംഭിച്ചത്.