റേഷൻ കാർഡ് ഇനി പോക്കറ്റിലൊതുങ്ങും; സ്മാർട്ട് റേഷൻ കാർഡ് കേരളപ്പിറവിദിനത്തിൽ


തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ ഒന്നുമുതൽ സ്‌മാർട്ട്‌ റേഷൻ കാർഡുകൾ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ്. കേരളപ്പിറവി ദിനത്തിൽ കാർഡിന്റെ ആദ്യഘട്ട വിതരണം നടക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ കൊണ്ടുവന്ന ഇ റേഷൻ കാർഡ് പരിഷ്‌കരിച്ചാണ് ഇതിന്‌ രൂപം നൽകിയത്‌. പോക്കറ്റിൽ കൊണ്ടുനടക്കാമെന്നതാണ്‌ സൗകര്യം.

ക്യൂ ആർ കോഡും ബാർകോഡും കാർഡ് ഉടമയുടെ ചിത്രവും പേരും വിലാസവും മുൻവശത്തുണ്ടാകും. പ്രതിമാസ വരുമാനം, റേഷൻകട നമ്പർ, വീട് വൈദ്യുതീകരിച്ചതാണോ, എൽപിജി കണക്‌ഷൻ ഉണ്ടോ തുടങ്ങിയ വിവരങ്ങൾ മറുവശത്തുണ്ട്. ടിഎസ്ഒ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിങ് ഇൻസ്പെക്ടർ എന്നിവരുടെ ഫോൺ നമ്പരും കാർഡിലുണ്ടാകും.

സ്മാർട്ട് റേഷൻ കാർഡിന്റെ മാതൃക

സ്മാർട്ട് കാർഡ് ഒരുക്കുംമുമ്പ് റേഷൻ കാർഡിലെ വിവരങ്ങൾ വ്യക്തവും കൃത്യവുമാകേണ്ടതുണ്ട്. നിലവിലെ റേഷൻ കാർഡിലെ തെറ്റ്‌ തിരുത്തൽ, കൂട്ടിച്ചേർക്കൽ, മരിച്ചവരുടെ പേരുനീക്കൽ തുടങ്ങിയവയ്‌ക്കായി അപേക്ഷിക്കണം. രേഖകൾ സഹിതം നേരിട്ടോ സിവിൽ സപ്ലൈസ് പോർട്ടൽവഴി ഓൺലൈനായോ 30നകം താലൂക്ക് സപ്ലൈ ഓഫീസുകളിൽ അപേക്ഷിക്കണം. 25 രൂപയാണ് ഫീസ്‌ നൽകേണ്ടത്. മുൻഗണനാ വിഭാഗക്കാർ ഫീസ്‌ നൽകേണ്ട .