റേഷന്‍ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതണം സെപ്റ്റംബര്‍ മൂന്ന് വരെ നീട്ടി


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മൂന്നു വരെ നീട്ടിയതായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി അറിയിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ കൈപ്പറ്റാന്‍ കഴിഞ്ഞിട്ടില്ല എന്ന പരാതി മന്ത്രിയുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് തീയതി നീട്ടിയത്. കിടപ്പ് രോഗികള്‍, കോവിഡ് ബാധിതര്‍ എന്നിവര്‍ക്ക് പ്രോക്‌സി സംവിധാനം ഉപയോഗപ്പെടുത്തി കിറ്റുകള്‍ കൈപ്പറ്റാവുന്നതാണെന്ന് മന്ത്രി അറിയിച്ചു.

ഇന്ന് അഞ്ച് മണിവരെ 85,99,221 കിറ്റുകള്‍ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളിലേയ്ക്ക് വിതരണം ചെയ്ത 10,174 കിറ്റുകള്‍ ഉള്‍പ്പെടെ 86,09,395 ഓണ കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കുള്ള കിറ്റുകളുടെ വിതരണം പൊതുവിതണ വകുപ്പ് ഉദ്യോഗസ്ഥര്‍ മുഖേനയുള്ള വാതില്‍പ്പടി വിതരണം വഴി എല്ലാ ജില്ലകളിലും നടന്നു വരുന്നു. വിവിധ കാരണങ്ങളാല്‍ ഓണക്കിറ്റ് കൈപ്പറ്റാന്‍ കഴിയാത്ത കാര്‍ഡുടമകള്‍ സെപ്റ്റംബര്‍ 3 നകം കിറ്റുകള്‍ കൈപ്പറ്റേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കാര്‍ഡുടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നപക്ഷം ബന്ധപ്പെട്ട DSO/TSO ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണെന്നും ഇതിനുള്ള നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.