രോഗികൾ കൂടുന്നു; കോവിഡ് പ്രതിരോധം ഊർജ്ജിതമാക്കി കൊയിലാണ്ടി


കൊയിലാണ്ടി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊയിലാണ്ടി നഗരസഭയിലും പരിസര പഞ്ചായത്തുകളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ആളുകൾ കൂട്ടംകൂടുന്ന വിവാഹം, മരണം, ഉത്സവം, മറ്റ് ആഘോഷങ്ങൾ എന്നിവ പരിമിതപ്പെടുത്താനാണ് നിർദേശം. ഇക്കാര്യത്തിൽ പൊതു ജനങ്ങളുടെ സഹകരണം തേടുകയാണ് നഗരസഭയും പഞ്ചായത്തുകളും.

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലും നൂറ് കണക്കിനാളുകളെ പങ്കെടുപ്പിച്ച് വിവാഹങ്ങൾ നടത്തുന്നത് ആരോഗ്യ വകുപ്പധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പല സ്ഥലങ്ങളിലും വിവാഹത്തിൽ പങ്കെടുത്തവർക്കാണ് കോവിഡ് കൂടുതലായി ബാധിച്ചത്. കോവിഡ് വ്യാപനസാധ്യത കണക്കിലെടുത്ത് നഗരസഭാ പരിധിയിലെ എല്ലാ സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലൽ കോളേജുകളും രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ കൊയിലാണ്ടി നഗരസഭ നിർദേശിച്ചിട്ടുണ്ട്. കളരി, കരാട്ടെ പരിശീലനകേന്ദ്രങ്ങളും അടച്ചിടണം.

ഹോട്ടലുകൾ, കൂൾബാറുകൾ എന്നിവ രാത്രി ഒൻപത് മണിവരെ നിയന്ത്രണങ്ങളോടെ തുറക്കും. നഗരസഭയിലെ 44 വാർഡുകളിലും ആർ.ആർ.ടി. യോഗങ്ങൾ ഞായറാഴ്ചയോടെ പൂർത്തിയാക്കും. സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ യോഗം തിങ്കളാഴ്ച നടക്കും.

പോലീസ്, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവർ പരിശോധന ശക്തമാക്കും. അനാവശ്യമായി പുറത്തിറങ്ങരുതെന്ന് അധികൃതർ ആവശ്യപ്പെട്ടു. പല പ്രദേശങ്ങളിലും മെഗാ കോവിഡ് വാക്സിനേഷൻ നടത്തുന്നുണ്ട്. പുളിയഞ്ചേരിയിൽ ശനിയാഴ്ച നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പിൽ മുന്നൂറോളംപേർക്ക് വാക്സിൻ നൽകി. നഗരസഭയിലെ രണ്ടുമുതൽ ഏഴുവരെ വാർഡുകളിലെ 45 വയസ്സിന് മുകളിലുള്ളവർക്കാണ് വാക്സിൻ നൽകിയത്.

നഗരസഭയിൽ ഏപ്രിൽ 21 മുതൽ 24 വരെ ടൗൺഹാളിൽ മെഗാ വാക്സിൻ ക്യാമ്പ് നടത്തും. 45 വയസ്സിന് മുകളിലുള്ളവർക്കാണ് ക്യാമ്പിൽ വാക്സിൻ നൽകുക. ക്യാമ്പിൽ വരുന്നവർ ആധാർ നമ്പർ, മൊബൈൽനമ്പർ എന്നിവ കരുതണം. 21-ന് ഓട്ടോ ടാക്‌സി ഡ്രൈവർമാർ, 22-ന് വ്യാപാരികൾ, വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർ, 23-ന് ചുമട്ട് തൊഴിലാളികൾ, 24-ന് ഉദ്യോഗസ്ഥർ എന്നിവർക്ക് വാക്സിൻ നൽകും.