രോഗശയ്യയിലുള്ള നിരാലംബരെ ചേര്‍ത്തു പിടിച്ചു, പരിചരണവും ആശ്വാസവുമേകി; അരിക്കുളത്തെ പാലിയേറ്റീവ് വളണ്ടിയര്‍ കെ.എം ഷൈനിക്ക് ആദരം


അരിക്കുളം: രോഗശയ്യയില്‍ കിടക്കുന്ന നിരാലംബര്‍ക്ക് ആശ്വാസമേകുന്ന പുതുക്കുടി കെ.എം ഷൈനിയെ പാലിയേറ്റീവ് ദിനത്തില്‍ ആദരിച്ചു. വര്‍ഷങ്ങളായി പാലിയേറ്റീവ് പ്രവര്‍ത്തനത്തിലെ നിറ സാനിധ്യമാണ് ഷൈനി. അരിക്കുളം പഞ്ചായത്തിലെ മാവട്ട് പത്താം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി വനമിത്ര പുരസ്‌കാര ജേതാവ് സി രാഘവന്‍ ഉദ്ഘാടനം ചെയ്തു.

നൊന്തു പെറ്റ മക്കള്‍ക്കും കൂടപ്പിറപ്പുകള്‍ക്കും അറപ്പും വെറുപ്പും ഭാരവും തോന്നുന്ന കിടപ്പുരോഗികളായ മനുഷ്യ ജന്മങ്ങളെ ചേര്‍ത്ത് പിടിച്ച്
ദുര്‍ഗന്ധം വമിക്കുന്ന വൃണങ്ങളില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടിയും തഴുകിയും തലോടിയും അവരെ സന്തോഷിപ്പിക്കുന്ന പാലിയേറ്റീവ് പ്രവര്‍ത്തകരെ അഭിനന്ദനങ്ങള്‍ കൊണ്ടോ അനുമോദനങ്ങള്‍ കൊണ്ടോ സന്തോഷിപ്പിക്കാന്‍ നമുക്കാവില്ല. അത്തരം പ്രവര്‍ത്തകര്‍ക്ക് ധൈര്യവും പ്രവര്‍ത്തനങ്ങള്‍ക്ക് സ്തയ്യ്രവും നല്‍കി അവര്‍ക്കൊപ്പം നടക്കാന്‍ പൊതുസമൂഹം മനസ്സ് വെക്കേണ്ടതുണ്ട്.

വാര്‍ഡ് മെമ്പര്‍ ബിനി.കെ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ വി.വി.എം ബഷീര്‍ മാസ്റ്റര്‍, പി.ശശീന്ദ്രന്‍, ഷീജ കെ.എം, ബബിത എന്‍.വി.എം, കാസിം എം.എ, രാജന്‍.സി ഷൈനി കെ.എം, ബാബു എന്‍.പി, തങ്കമണി.സി തുടങ്ങിയവര്‍ സംസാരിച്ചു.