രുചിയുടെ തെരുവൊരുക്കാന്‍ കോഴിക്കോട്; സംസ്ഥാനത്തെ ആദ്യ ഭക്ഷണത്തെരുവ് വലിയങ്ങാടിയില്‍ വരുന്നു


കോഴിക്കോട്: രുചിവൈവിധ്യങ്ങളുടെ തലസ്ഥാനമായ കോഴിക്കോട് നഗരത്തില്‍ ഭക്ഷണത്തെരുവ് വരുന്നു. സംസ്ഥാനത്തെ ആദ്യ ഭക്ഷണത്തെരുവ് കോഴിക്കോട് വലിയങ്ങാടിയില്‍ ആരംഭിക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചു. കോര്‍പ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

കേരളത്തിലെ ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമിട്ടാണ് ഭക്ഷണത്തെരുവ് അഥവാ ഫുഡ് സ്ട്രീറ്റ് എന്ന ആശയം നടപ്പാക്കാന്‍ ടൂറിസം വകുപ്പ് ഒരുങ്ങുന്നത്. തിരക്കേറിയ വാണിജ്യ മേഖലകളിലെ റോഡരികുകളില്‍ സന്ധ്യക്ക് ശേഷം വൈവിധ്യമാര്‍ന്ന ഭക്ഷണം ലഭിക്കുന്ന തരത്തിലാണ് ഫുഡ് സ്ട്രീറ്റ് വിഭാവനം ചെയ്തിരിക്കുന്നത്.

ഓരോ സ്ഥലത്തെയും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. വൈകീട്ട് ഏഴ് മണി മുതല്‍ രാത്രി 12 മണി വരെ ഫുഡ് സ്ട്രീറ്റുകള്‍ പ്രവര്‍ത്തിക്കും. ഓരോ പ്രദേശത്തെയും തനത് വിഭവങ്ങളാണ് ഭക്ഷണത്തെരുവില്‍ ലഭിക്കുക. കേരളത്തില്‍ ആദ്യമായി പദ്ധതി നടപ്പാക്കുന്ന തെരുവാണ് കോഴിക്കോട്ടെ വലിയങ്ങാടി.

ഇരുട്ട് വീണാല്‍ വലിയങ്ങാടി ശൂന്യമാണ്. പേരിന് രണ്ടോ മൂന്നോ കടകള്‍ മാത്രമാണ് തുറന്നിരിക്കുക. ഈ സ്ഥലം ഫലപ്രദമായി ഉപയോഗിക്കാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം. കോഴിക്കോടിന്റെ തനതായ രുചിവൈവിധ്യങ്ങളാണ് ഇവിടെ ഉണ്ടാവുക.

ഭക്ഷണത്തെരുവ് നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഉന്നത ഉദ്യോഗസ്ഥര്‍ വ്യാപാരികളുമായും തൊഴിലാളികളുമായും ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷനുമായും ചര്‍ച്ച നടത്തും. അടുത്ത ഘട്ടത്തില്‍ കൊച്ചിയിലേയ്ക്കും തിരുവനന്തപുരത്തേയ്ക്കും പദ്ധതി വ്യാപിപ്പിക്കും.

വരുന്ന മധ്യവേനല്‍ അവധിക്കാലത്താണ് കോഴിക്കോട് ഫുഡ് സട്രീറ്റ് പ്രവര്‍ത്തനം ആരംഭിക്കുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.