‘രാഷ്ട്രീയ രംഗത്തെ സ്ത്രീകള്‍ പോലും സൈബര്‍ ആക്രമണത്തിന് ഇരയാവുന്നു’; ‘ഹരിത’ വിഷയത്തില്‍ മുസ്ലിം ലീഗിനെ പരോക്ഷമായി വിമര്‍ശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍; വിമര്‍ശനം കീഴരിയൂരില്‍ നടന്ന പരിപാടിയില്‍


കൊയിലാണ്ടി: മുസ്ലിം ലിഗിനെതിരെ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഷ്ട്രീയ രംഗത്തെ സ്ത്രീകള്‍ പോലും സൈബര്‍ ആക്രമണത്തിന് ഇരയാകുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെ വെര്‍ബല്‍ റേപ്പാണ് നടക്കുന്നത്. വാര്‍ത്താ സമ്മേളനം നടത്തി സ്ത്രീകള്‍ക്ക് ഇക്കാര്യം പറയേണ്ടി വരുന്നു. എന്നിട്ട് പോലും ആക്രമണം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുന്നില്ല. സൈബര്‍ ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് കീഴരിയൂരില്‍ നടത്തിയ പരിപാടിയിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. നേരത്തേ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

നിലവിലെ സാഹചര്യങ്ങളില്‍ നിന്ന് മുസ്ലിം ലീഗിന് കരകയറാന്‍ കഴിയും. എന്നാല്‍ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ സംശയമുണ്ട്. അടുത്തിടെയുണ്ടായ ന്യൂനപക്ഷ വിവാദങ്ങളിലെല്ലാം കോണ്‍ഗ്രസിന് അഴകൊഴമ്പന്‍ സമീപനമാണ്. കോണ്‍ഗ്രസില്‍ ഐക്യമില്ലെങ്കില്‍ അത് ബാധിക്കുക യു.ഡി.എഫിനെ ആകെയാണ് ബാധിക്കുകയെന്നും ലീഗ് നേതൃയോഗം വിലയിരുത്തിയിരുന്നു.