രാഷ്ട്രീയ നേതാവ്, ഫോട്ടോഗ്രാഫർ, മാധ്യമ പ്രവർത്തകൻ, പന്തലായനി കേളപ്പേട്ടൻ മടങ്ങിയത് കൊയിലാണ്ടിയിൽ അടയാളപ്പെടുത്തിത്തന്നെ


ഇ കെ അജിത്

പന്തലായനി കേളപ്പേട്ടൻ യാത്രയായി. ശാന്താ സ്റ്റുഡിയോയിലൂടെ കൊയിലാണ്ടിയിലെ ഫോട്ടോഗ്രാഫിയിലെ ഒരു കാലത്തെ നിറസാന്നിദ്ധ്യമായിരുന്നു
കേളപ്പേട്ടൻ. രാഷ്ടീയ രംഗത്ത് പഴയകാല കോൺഗ്രസ്സ് സംഘാടകനായ ഇദ്ദേഹം 1969 ലെ കോൺഗ്രസ്സ് പിളർപ്പിൽ സംഘടനാ പക്ഷത്തു നിലയുറപ്പിക്കുകയും, തുടർന്ന് ജനതാ പാർട്ടിയിൽ പ്രവർത്തിക്കുകയും ചെയ്തു.

1981 ൽ അഡ്വ.ഇ.രാജഗോപാലൻ നായരോടൊപ്പം അന്നത്തെ കോൺഗ്രസ്സ്.എസ്സിൽ ചേരുകയും, കോൺഗ്രസ്സ്.എസ്സ് എൻ.സി.പി ആയി മാറിയതോടെ എൻ.സി.പിയുടെ ജില്ലാ നിർവ്വാഹക സമിതി അംഗമായി പ്രവൃത്തിച്ച് പോന്നു. കുറേക്കാലമായി വാർദ്ധക്യ സഹജമായ അവശതകളാൽ വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു.

കൊയിലാണ്ടി ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റി, കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക്, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക്‌, സംസ്ഥാന സർക്കിൾ സഹകരണ യൂനിയൻ എന്നിവയുടെ ഡയരക്ടർ ബോർഡ് അംഗമായി ഏറെക്കാലം പ്രവൃത്തിച്ചിട്ടുണ്ട്. കൊയിലാണ്ടിയിലെ പഴയകാല ഫോട്ടോ ഗ്രാഫറും, സ്റ്റുഡിയോ ഉടമയുമായിരുന്നു. മാതൃഭൂമിയുടെ മുൻകാല ലേഖകൻ കൂടിയായിരുന്ന ഇദ്ദേഹം കൊയിലാണ്ടിയിൽ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് ഒരു കാലത്ത് നിറ സാന്നിദ്ധ്യമായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ കൊയിലാണ്ടിയിലെ ഒരു കാലത്തിന്റെ പ്രതിനിധി കൂടിയാണ് വിടചൊല്ലിയത്.