രാത്രിവരെ അവന്‍ കാത്തിരുന്നു, തെരുവില്‍ ഉപേക്ഷിച്ചു പോയ യജമാനന്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ, പക്ഷെ ക്രൂരതയുടെ മുഖം അവൻ തിരിച്ചറിയാതെ പോയി, കണ്ണ് നനയാതെ കണ്ട് തീർക്കാനാവില്ല


പയ്യന്നൂര്‍: രാത്രിവരെ അവന്‍ കാത്തിരിക്കുകയായിരുന്നു തെരുവില്‍ തന്‍റെ യജമാനന്‍ വരുമെന്ന പ്രതീക്ഷയോടെ. എന്നാല്‍ സ്നഹിക്കാനും സംരക്ഷിക്കാനും മാത്രം പഠിച്ച അവനറിയുന്നുണ്ടോ മനുഷ്യന്‍റെ ക്രൂരമനസിനെ. പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം റോഡില്‍ തള്ളി ഒരു മന:സാക്ഷിക്കുത്തുമില്ലാതെ കടന്നു പോയ യജമാനനു വേണ്ടിയുള്ള പട്ടിയുടെ കാത്തിരിപ്പ് നഗരവാസികള്‍ക്ക് നൊമ്ബരക്കാഴ്ചയായി.

രാവിലെയാണത്രെ പട്ടിയെ ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന് റോഡില്‍ തള്ളി ഉടമ കടന്നത്. ഇറങ്ങാന്‍ വിസമ്മതിച്ച പട്ടിയെ കാലുകൊണ്ട് തള്ളി താഴെയിട്ട് ഓടിച്ചു പോവുകയായിരുന്നുവെന്ന് പറയുന്നു. അതേ സ്ഥലത്താണ് പട്ടി പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുന്നത്.

കാര്യം കഴിഞ്ഞാല്‍ കറിവേപ്പില പുറത്ത് എന്ന ചൊല്ലിനെ അന്വര്‍ഥമാക്കുന്നതായിരുന്നു ഉടമയുടെ പെരുമാറ്റം. പ്രായമായതും രോമങ്ങള്‍ കൊഴിയാന്‍ തുടങ്ങിയതും മറ്റുമാണ് ഉപേക്ഷിക്കാന്‍ കാരണമെന്ന് കരുതുന്നു.

മാലിന്യങ്ങള്‍ വലിച്ചെറിയുന്നതു പോലെ വളര്‍ത്തുമൃഗങ്ങളെയും തെരുവില്‍ ഉപേക്ഷിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. വീടുകളില്‍ ജീവിച്ച ഇവ തെരുവില്‍ ആഹാരം കണ്ടെത്താനാവാതെ നരകിച്ച്‌ ചാവുകയാണ് പതിവ്. തെരുവില്‍ ഉപേക്ഷിക്കുന്ന വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കാന്‍ ചില വിദേശരാഷ്ട്രങ്ങളില്‍ സംവിധാനമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇതില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ മൃഗസംരക്ഷണവകുപ്പിനോ ഒന്നും ചെയ്യാനില്ല.

നഗരമധ്യത്തില്‍ പട്ടിയെ ഉപേക്ഷിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് നാട്ടുകാരും മൃഗസ്നേഹികളും ആവശ്യപ്പെടുന്നു. ടൗണിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചാല്‍ പട്ടിയെ കൊണ്ടുവന്ന ഓട്ടോ കണ്ടെത്താന്‍ പ്രയാസമില്ല. എന്നാല്‍ ഇര മിണ്ടാപ്രാണിയായതിനാല്‍ അധികൃതര്‍ മൗനം പാലിക്കാനാണ് സാധ്യതയെന്ന് മൃഗസ്നേഹികള്‍ പറയുന്നു.