രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു, 24 മണിക്കൂറിനിടെ 35,871 രോഗികള്‍; 2.5 ലക്ഷത്തിലധികം പേര്‍ ചികിത്സയില്‍


കോഴിക്കോട്: രാജ്യത്തെ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 35,871 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മൂന്നര മാസത്തിനിടെ ഏറ്റവും ഉര്‍ന്ന പ്രതിദിന രോഗബാധ നിരക്കാണിത്. 172 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 17,741 പേര്‍ രോഗമുക്തരായി. ആകെ 1,14,74,605 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,59,216 പേര്‍ മരിച്ചു. 1,10,63,025 പേര്‍ രോഗമുക്തരായി. നിലവില്‍ 2,52,364 പേരാണ് ചികിത്സയിലുള്ളത്.

1.39 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണ നിരക്ക്. രാജ്യത്ത് 23,03,13,163 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. രോഗമുക്തി നിരക്ക് 96.41 ശതമാനം. ചികിത്സയിലുള്ളവര്‍ 2.20 ശതമാനം. അതേസമയം, രാജ്യവ്യാപക കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി 3,71,43,255 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ 20,78,719 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

മഹാരാഷ്ട്രയിലാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. 24 മണിക്കൂറിനിടെ 23,179 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആറുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 30 ശതമാനം അധികമാണ് ഇന്നത്തെ രോഗബാധിതരുടെ എണ്ണം. നാഗ്പുരില്‍ മാത്രം ഇന്നലെ 2698 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

പ്രതിദിന രോഗബാധയുടെ കാര്യത്തില്‍ പഞ്ചാബ് (2039), ഗുജറാത്ത് (1122), കേരളം (2098), കര്‍ണാടക (1275) എന്നീ സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ് നാഗ്പുര്‍. പ്രതിദിന കോവിഡ് ബാധിതരുടെ കാര്യത്തില്‍ നാഗ്പുര്‍ ആദ്യമായാണ് മുംബൈയെ മറികടക്കുന്നത്. മുംബൈയില്‍ ഇന്നലെ 2377 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് ഒന്നിന് 855 ആയിരുന്നു മുംബൈയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം. മഹാരാഷ്ട്രയില്‍ ആകെ 23,70,507 പേര്‍ക്കാണ് രോഗം ബാധിച്ചത്. 21,63,391 പേര്‍ രോഗമുക്തരായി. 53080 പേര്‍ രോഗബാധിതരായി മരിച്ചു.

അതേസമയം, കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇന്നലെ 2098 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 13 മരണവും റിപ്പോര്‍ട്ട് ചെയ്തു. 2815 പേര്‍ രോഗമുക്തരായി. 3.49 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 25,394 പേരാണ് ഇനിയും ചികിത്സയിലുള്ളത്. 10,66,259 രോഗമുക്തരായി. കോവിഡ് ബാധിതരായി 4435 പേരാണ് മരിച്ചത്.