രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉടന്‍; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐസിഎംആര്‍, ജനിതകമാറ്റം വന്ന വൈറസിന്റെ സാന്നിധ്യം കൂടുമെന്ന് റിപ്പോര്‍ട്ട്‌


കോഴിക്കോട്: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ മുന്നറിയിപ്പ്. ഓഗസ്റ്റ് അവസാനത്തോടെ മൂന്നാം തരംഗം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ രണ്ടാം തരംഗത്തിന്റെ അത്ര രൂക്ഷമാകില്ല മൂന്നാം തരംഗമെന്നും ഐസിഎംആര്‍ അറിയിച്ചു.

മൂന്നാം തരംഗത്തില്‍ ജനിതകമാറ്റം വന്ന വൈറസിന്റെ സാന്നിധ്യം കൂടുമെന്ന് നേരത്തെ ഐഎംഎയും മുന്നറയിപ്പ് നല്‍കിയിരുന്നു. നിലവിലുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് കൂടുതല്‍ അപകടകരമാകുമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി.

കൊവിഡ് നിയന്ത്രണങ്ങളില്‍ അയവുവരുത്തുന്നത് മൂന്നാം തരംഗം വേഗത്തിലാക്കും. ഒന്നും രണ്ടും ഘട്ടത്തിലൂടെ ആര്‍ജിച്ചെടുത്ത പ്രതിരോധശേഷിയെ മറികടക്കുന്ന തരത്തിലുള്ള വൈറസ് വകഭേദം രൂപപ്പെടുന്നതും മൂന്നാം തരംഗത്തിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഡോ. സമീരൻ പാണ്ഡ വ്യക്തമാക്കി. ഡെല്‍റ്റ വകഭേദം രൂപപ്പെട്ടതു കാരണം ലോകം മൂന്നാം തരംഗത്തിന്റെ ആദ്യഘട്ടത്തിലേക്ക് കടന്നതായി ലോകാരോഗ്യ സംഘടന നേരത്തെ അറിയിച്ചിരുന്നു. അതേസമയം, കൊവിഡ് മുന്നറിയിപ്പുകള്‍ ജനങ്ങള്‍ വകവയ്ക്കുന്നില്ലെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. കാലാവസ്ഥാ പ്രവചനം കേള്‍ക്കുന്ന പോലെയാണ് ആളുകള്‍ കൊവിഡ് മുന്നറിയിപ്പുകളെ കാണുന്നതെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി