രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആരംഭഘട്ടത്തില്‍; കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് തുടക്കമായെന്ന് ഔദ്യോഗിക സ്ഥിരീകരണം. മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് പിജിമെര്‍ ഡയറക്ടര്‍ ജഗത് റാം പറഞ്ഞു. സിറോ സര്‍വെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പെന്ന് അദ്ദേഹം വ്യക്തമാക്കി. സിറോ സര്‍വേയില്‍ 71 ശതമാനം കുട്ടികളിലും ആന്റിബോഡി കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കൊവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് കേരളത്തില്‍ വളരെ നേരത്തെ തന്നെ മുന്നൊരുക്കം ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു . താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ആശുപത്രികളില്‍ പ്രത്യേക ശിശുരോഗ ഐ.സി.യുകളും കട്ടിലുകളും സജ്ജമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മൂന്നാം തരംഗത്തിന്റെ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു .

ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാനും നടപടി എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. 870 മെട്രിക് ടണ്‍ ഓക്‌സിജന്‍ നിലവില്‍ കരുതല്‍ ശേഖരമായി സൂക്ഷിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 13 മെട്രിക് ടണ്‍ ഓക്‌സിജന്‍ സ്ഥാപിക്കാന്‍ സഹായകരമാവുന്ന പ്ലാന്റുകള്‍ സ്വകാര്യ ആശുപത്രികളില്‍ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.