രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷം; ജാഗ്രതാ നിർദേശവുമായി കേന്ദ്രം


ന്യുഡൽഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷം. മഹാരാഷ്ട്രയില്‍ 55,000 കടന്ന് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ രാത്രികാല കര്‍ഫ്യു ആരംഭിച്ചു. രോഗികളുടെ എണ്ണം ഉയരുന്ന ഗുജറാത്തില്‍ രണ്ടോ മൂന്നോ ദിവസത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ഗുജറാത്തിലെ 20 പ്രദേശങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജാര്‍ഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിലെ വിദഗ്ധ സമിതി ഇന്നെത്തും. കൊവിഡ് സഹചര്യം വിലയിരുത്താന്‍ നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി യോഗം ചേരും.

കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ആർ.ടി.പി.സി.ആർ. പരിശോധനയുടെ എണ്ണം കൂട്ടണമെന്ന് കേന്ദ്രം. കേരളത്തിൽ ആർ.ടി.പി.സി.ആർ. പരിശോധന 53 ശതമാനത്തിനു മുകളിൽ ഒരിക്കൽപോലും ഉയർന്നിട്ടില്ലെന്ന് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഫെബ്രുവരി രണ്ടാംവാരം 33.7 ശതമാനമായിരുന്നു സംസ്ഥാനത്തെ പ്രതിദിന ആർ.ടി.പി.സി.ആർ. പരിശോധന. ഏറ്റക്കുറച്ചലുകൾക്കുശേഷം മാർച്ച് പകുതിയോടെ അത് 53.1 ശതമാനമായി. പിന്നീട് വീണ്ടും കുറയാൻ തുടങ്ങി. മാർച്ച് 31-നും ഏപ്രിൽ ആറിനും ഇടയിലുള്ള ആഴ്ചയിൽ അത് 45.7 ശതമാനമാണ്. പരിശോധന ഇനിയും കൂട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആർ.ടി.പി.സി.ആർ. പരിശോധന എല്ലാ സംസ്ഥാനങ്ങളിലും 70 ശതമാനമാക്കണമെന്നാണ് നിർദേശം.

ഫെബ്രുവരിയിൽ കേരളത്തിലെ പ്രതിദിന കേസുകൾ 4977 വരെ ഉയർന്നിരുന്നു. മാർച്ച് ഒടുവിൽ അത് 1800 വരെ എത്തിയെങ്കിലും പിന്നീട് വീണ്ടും വർധിച്ചുവെന്ന് ആരോഗ്യ സെക്രട്ടറി ചൂണ്ടിക്കാട്ടി. ഇപ്പോൾ ദിവസേന ശരാശരി 2578 പുതിയ കേസുകളാണ് ഉണ്ടാവുന്നത്. സംസ്ഥാനത്തെ പോസിറ്റിറ്റിവിറ്റി നിരക്ക് ഫെബ്രുവരി 10-നും 16-നുമിടയിൽ 8.10 ശതമാനം ആയിരുന്നത് മാർച്ച് 17-നും 23-നുമിടയിൽ 1.44 ശതമാനംവരെ കുറഞ്ഞിരുന്നു. എന്നാൽ, ഇപ്പോഴത് വീണ്ടും ഉയർന്ന് 5.09 ശതമാനമായി. ഇൗ ആഴ്ചയിലെ കണക്കുപ്രകാരം ശരാശരി 13 പേരാണ് കേരളത്തിൽ ദിവസവും കോവിഡ് ബാധിച്ച് മരിക്കുന്നത്.