രാജ്യത്ത് കൊവിഡിനും സികയ്ക്കുമൊപ്പം ആശങ്കയുയര്‍ത്തി പക്ഷിപ്പനി മരണവും; ജാഗ്രത കൈവിടാതെ കരുതലോടെയിരിക്കാം, പരിശോധിക്കാം പക്ഷിപ്പനി എന്താണെന്നും പകരുന്നതെങ്ങനെയെന്നും


രാജ്യത്ത് ആദ്യമായി പക്ഷിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. ഹരിയാന സ്വദേശിയായ പതിനൊന്നുകാരനാണ് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വെച്ച് മരിച്ചത്. പനിയും കഫക്കെട്ടുമായി ഈ മാസം രണ്ടിനാണ് ഈ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ആണെന്ന് കരുതി പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസ്(പക്ഷിപ്പനി) ബാധിച്ചിരുന്നതായി കണ്ടെത്തിയത്. എച്ച്5എന്‍1 ആണ് ബാധിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനകള്‍ തുടരുകയാണ്.

ഇന്ത്യയില്‍ ആദ്യമായാണ് മനുഷ്യരില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. പൊതുവേ പക്ഷിപ്പനി മനുഷ്യരിലേക്ക് വ്യാപിക്കാനുള്ള സാധ്യത വളരെ കുറവായാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. പുതിയ ഏവിയന്‍ സ്‌ട്രെയിന്‍ ആയ എച്ച്10എന്‍3 ഈ വര്‍ഷം ജൂണില്‍ ചൈനയില്‍ ആദ്യമായി മനുഷ്യനെ ബാധിച്ചിരുന്നുവെങ്കിലും പിന്നീട് സുഖംപ്രാപിച്ചു. 1977 ല്‍ ചൈനയിലാണ് ആദ്യമായി എച്ച്5എന്‍1 വൈറസ് മനുഷ്യനിലേക്ക് പകരുന്നത്.

എന്താണ് പക്ഷിപ്പനി

പക്ഷികളില്‍ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകര്‍ച്ചവ്യാധിയാണ് ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ(പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5എന്‍1. ഇത് ഒരു തരം ഇന്‍ഫ്‌ളുവന്‍സ വൈറസാണ്.

രോഗം പകരുന്നത്

പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങള്‍ വഴിയാണ്. രോഗാണു സാന്നിധ്യമുള്ള പക്ഷിക്കൂട്, തീറ്റ, തൂവലുകള്‍ എന്നിവ വഴിയും വേഗം പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് രോഗം പകരും.

മനുഷ്യരിലേക്ക് പകരുന്നത്

രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികള്‍ എന്നിവ വഴിയാണ് രോഗാണുക്കള്‍ മനുഷ്യരിലേക്കെത്തുന്നത്.

പക്ഷികളില്‍ നിന്നും മനുഷ്യരിലേക്ക് ഇത് ചില സാഹചര്യങ്ങളില്‍ പകരാറുണ്ട്. എന്നാല്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ ബുദ്ധിമുട്ടാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. രോഗം ബാധിച്ച മനുഷ്യരില്‍ മരണനിരക്ക് 60 ശതമാനത്തോളമാണ്. എന്നാല്‍ ജനിതകവ്യതിയാനമോ മറ്റോ മൂലം ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന തരത്തിലേക്ക് മാറിയാല്‍ അത് വലിയ അപകടമുണ്ടാക്കും.

പക്ഷികളിലെ രോഗലക്ഷണങ്ങള്‍

മന്ദത, വിശപ്പില്ലായ്മ, വയറിളക്കം, തൂവല്‍ കൊഴിയുക, ചലനങ്ങള്‍ക്ക് ബുദ്ധിമുട്ട്, മുട്ടകളുടെ എണ്ണം കുറയുക, കട്ടികുറഞ്ഞ തോടുള്ള മുട്ടകള്‍, ശരീരത്തിലും കൊക്ക്, പൂവ് എന്നിവയിലും നീലനിറം, മൂക്കിലൂടെയുള്ള രക്തസ്രാവം, ശ്വാസതടസ്സം എന്നിവയൊക്കെയാണ് ലക്ഷണള്‍

മനുഷ്യരെ ബാധിച്ചാലുള്ള ലക്ഷണങ്ങള്‍

സാധാരണ ഇന്‍ഫ്‌ളുവന്‍സ വൈറസ് ബാധിച്ചാല്‍ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍ തന്നെയാണ് ഇവിടെയും ഉണ്ടാവുക. പനി, ജലദോഷം, തലവേദന, ഛര്‍ദി, വയറിളക്കം, ശരീരവേദന, ചുമ, തൊണ്ടവേദന, ക്ഷീണം എന്നിവയൊക്കെയാണ് ലക്ഷണങ്ങള്‍. വളരെ പെട്ടെന്നു തന്നെ ന്യുമോണിയ പോലുള്ള കടുത്ത ശ്വാസകോശ രോഗങ്ങള്‍ക്കിടയാക്കാന്‍ ഈ വൈറസുകള്‍ ഇടയാക്കും.

ചികിത്സ

രോഗികള്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുകൊണ്ടുള്ള ചികിത്സ ആവശ്യമാണ്. ഒസല്‍ട്ടാമിവിര്‍ എന്ന ആന്റി വൈറല്‍ മരുന്നാണ് പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുന്നതിന് എതിരെ നല്‍കുന്നത്. ഇത് രോഗം ഗുരുതരമാവുന്നത് കുറയ്ക്കാന്‍ സഹായിക്കും. പക്ഷിപ്പനിക്കുള്ള പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇതുവരെ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടില്ല. സാധാരണ ഇന്‍ഫ്‌ളുവന്‍സയ്ക്ക് ഉപയോഗിക്കുന്ന വാക്‌സിന്‍ എച്ച്5എന്‍1 ന് പ്രതിരോധം നല്‍കില്ല.

രോഗം ബാധിക്കാന്‍ സാധ്യത കൂടുതലുള്ളവര്‍​

പക്ഷികളുമായി ധാരാളമായി ഇടപെടുന്ന കര്‍ഷകര്‍, പക്ഷി ഫാമുകളിലെ ജോലിക്കാര്‍, മൃഗസം, രക്ഷണ വകുപ്പിലെ ജീവനക്കാര്‍, ഇറച്ചി, മുട്ട എന്നിവ കൈകാര്യം ചെയ്യുന്നവര്‍, പക്ഷിവളര്‍ത്തലില്‍ താത്പര്യം ഉള്ളവര്‍, പക്ഷി കാഷ്ഠം (വളത്തിനായി) കൈകാര്യം ചെയ്യുന്നവര്‍, പക്ഷിപ്പനി ബാധിച്ച പക്ഷികളെ കൊല്ലുവാന്‍ നിയോഗിക്കപ്പെടുന്ന സംഘാംഗങ്ങള്‍, പക്ഷിപ്പനി ബാധിച്ച സ്ഥലങ്ങളിലെ ആളുകള്‍ എന്നിവര്‍ പക്ഷികളില്‍ നിന്ന് രോഗം പകരാന്‍ സാധ്യതയുള്ള ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരാണ്. ഇവരെ കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ ഐസൊലേറ്റ് ചെയ്ത് ചികിത്സ ലഭ്യമാക്കുകയും വേണം.

മനുഷ്യരില്‍ രോഗബാധയുണ്ടോ എന്നറിയാന്‍

മനുഷനില്‍ പക്ഷിപ്പനി പകര്‍ന്നിട്ടുണ്ടോയെന്നറിയാന്‍ സാധാരണയായി തൊണ്ട, മൂക്ക് എന്നിവയില്‍ നിന്നാണ് സ്രവങ്ങള്‍ എടുക്കുന്നത്. ഈ സ്രവങ്ങള്‍ കള്‍ച്ചര്‍ ചെയ്ത് വൈറസിനെ തിരിച്ചറിയലാണ് ഒരു വഴി. റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമേഴ്‌സ് ചെയിന്‍ റിയാക്ഷന്‍ (RTPCR) ടെസ്റ്റ് ആണ് ആധികാരികമായ ലാബ് ടെസ്റ്റ്. രോഗിയുടെ സീറം ഉപയോഗിച്ച് എച്ച് 5എന്‍1 ആന്റിബോഡിയുടെ അളവ് നോക്കി രോഗനിര്‍ണയം നടത്താറുണ്ട്.