‘രവീന്ദ്രന്‍ എന്ന അഷ്റഫ്’: പേരാമ്പ്ര സ്വദേശിയായ വിവാഹത്തട്ടിപ്പ് വീരന്‍ 27 വര്‍ഷത്തിന് ശേഷം പിടിയില്‍, വിവിധ ജില്ലകളിലായി 15 കേസുകള്‍


പേരാമ്പ്ര: പേരാമ്പ്ര സ്വദേശിയായ വിവാഹത്തട്ടിപ്പ് വീരന്‍ 27 വര്‍ഷത്തിന് ശേഷം പോലീസ് പിടിയില്‍. ചേനോളി കോമത്ത് വീട്ടില്‍ രവീന്ദ്രന്‍(57) എന്ന അഷ്‌റഫിനെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂരിലെ പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് ഇയാളെ ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്ത്. പ്രതിയെ കണ്ണൂര്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു.

വിവാഹ വാഗ്ദാനം നല്‍കി വിവിധ ജില്ലകളിലെ സ്ത്രീകളുടെ ആഭരണങ്ങള്‍ തട്ടിയെടുത്ത രിവീന്ദ്രന്‍ 27 വര്‍ഷത്തിന് ശേഷമാണ് പോലീസ് പിടിയിലാവുന്നത്. വിവിധ ജില്ലകളില്‍ പല പേരുകളില്‍ സ്ത്രീകളെ പരിചയപ്പെട്ട്‌ സൗഹൃദത്തിലാവുന്ന രവീന്ദ്രന്‍ ബന്ധുക്കളുമായി ബന്ധപ്പെട്ടാണ് വിവാഹം ഉറപ്പിക്കുന്നത്. തുടര്‍ന്ന് വ്യാജ വിലാസം നല്‍കി സ്ത്രീകളെ വിവാഹം കഴിക്കും. ശേഷം അവരുടെ പണവും സ്വര്‍ണവും തട്ടിയെടുത്ത്‌ രക്ഷപ്പെടുകയാണ് പതിവ്.

കേരളത്തിലെ പല ജില്ലകളിലായി 15 കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ജയിലില്‍ നിന്ന് ഇറങ്ങി ഒളിവില്‍ പോവുകയായിരുന്നു ഇയാള്‍. എഎസ്ഐ രത്‌നാകാരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇ.കെ വിജിത്ത്, അബ്ദുല്‍ റസാഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.