‘രണ്ട് പേരെ രക്ഷിച്ചു, ഇനി ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചപ്പോഴാണ് അഫ്‌നാസിന്റെ കാര്യം അറിഞ്ഞത്, പുഴയില്‍ നീന്തി ശീലമുണ്ടായിരുന്നത് കൊണ്ട് ഒരു മണിക്കൂറോളം പുഴയില്‍ അഫ്‌നാസിനെ തിരഞ്ഞു’; പുറക്കാട് അകലാപ്പുഴയില്‍ തോണി മറിഞ്ഞ് മുങ്ങിപ്പോയ മൂന്ന് പേരെ രക്ഷിച്ച ശിക്കാര ബോട്ട് ജീവനക്കാരന്‍ സഹീര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


കൊയിലാണ്ടി: വലിയ ദുരന്തത്തിനാണ് ഇക്കഴിഞ്ഞ ഞായറാഴ്ച പുറക്കാട് അകലാപ്പുഴ സാക്ഷ്യം വഹിച്ചത്. തോണി മറിഞ്ഞ് മുചുകുന്ന് സ്വദേശിയായ അഫ്‌നാസ് മരിച്ചതിന്റെ ദുഃഖം നാടിന് ഇനിയും മാറിയിട്ടില്ല. അഫ്‌നാസിനൊപ്പം തോണിയിലുണ്ടായിരുന്ന മൂന്ന് പേരെ രക്ഷിക്കാന്‍ കഴിഞ്ഞു എന്നതാണ് വലിയ സങ്കടത്തിനിടയിലും നേര്‍ത്ത ആശ്വാസമാകുന്ന വാര്‍ത്ത.

അകലാപ്പുഴയില്‍ ടൂറിസ്റ്റുകള്‍ക്കായി സര്‍വ്വീസ് നടത്തുന്ന ബോട്ടിലെ ജീവനക്കാരനാണ് അവരെ രക്ഷിച്ചത് എന്ന് സംഭവമുണ്ടായ അന്ന് തന്നെ വാര്‍ത്തകളില്‍ ഉണ്ടായിരുന്നു. മുചുകുന്ന് സ്വദേശിയായ ഷഹീര്‍ തടത്തില്‍ ആയിരുന്നു ആ രക്ഷകന്‍. അകലാപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളെ പുഴയിലൂടെ സുരക്ഷിതമായി കൊണ്ടുപോയി തിരികെ കൊണ്ടുവരുന്ന അദ്ദേഹം ‘ബിഗ് ബി’ എന്ന ശിക്കാര ബോട്ടിലെ ജീവനക്കാരനാണ്.

തോണി മറിഞ്ഞ സ്ഥലത്ത് നിന്ന് ഏകദേശം അഞ്ഞൂറ് മീറ്റര്‍ അകലെയായിരുന്നു ഷഹീറിന്റെ ‘ബിഗ് ബി’ ഉണ്ടായിരുന്നത്. യുവാക്കള്‍ വെള്ളത്തില്‍ വീണത് അവിടെ നിന്ന് കണ്ടപ്പോള്‍ ഉടന്‍ തന്നെ സുരക്ഷിതമായും സാധ്യമായ പരമാവധി വേഗതയിലും ഷഹീര്‍ തന്റെ ബോട്ട് അങ്ങോട്ടേക്ക് ഓടിക്കുകയായിരുന്നു.

‘തോണി മറിഞ്ഞത് കണ്ടപ്പോള്‍ ആദ്യം കരുതിയത് പെഡല്‍ ബോട്ടാണ് മറിഞ്ഞത് എന്നാണ്. പിന്നീടാണ് ഫൈബര്‍ തോണിയാണ് മറിഞ്ഞതെന്ന് മനസിലായത്. എന്റെ ബോട്ടില്‍ ആ സമയത്ത് ഇരുപതോളം ആളുകള്‍ ഉണ്ടായിരുന്നു.’ -ഷഹീര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

‘പിന്നില്‍ നിന്ന് ഡ്രൈവ് ചെയ്യുന്ന ബോട്ടാണ് എന്റെ ബിഗ് ബി. തോണി മറിഞ്ഞ് യുവാക്കള്‍ വെള്ളത്തില്‍ പെട്ടത് കണ്ടപ്പോള്‍ വേഗം അങ്ങോട്ടേക്ക് ബോട്ട് കൊണ്ടുപോകാന്‍ തീരുമാനിച്ചു. അതിന്റെ മുന്നേ ആദ്യം ബോട്ടിലുണ്ടായിരുന്ന എല്ലാവരോടും സീറ്റില്‍ ഇരിക്കാന്‍ പറഞ്ഞു. അല്ലേല്‍ ബാലന്‍സ് തെറ്റി മറ്റൊരു അപകടം ഉണ്ടാകും. പിന്നെ ബോട്ട് അങ്ങോട്ടേക്ക് ഓടിച്ചു. അതിന്റെ ഇടയില്‍ കൂടെ ഉണ്ടായിരുന്ന ആളുടെ കയ്യില്‍ ബോയ (വെള്ളത്തില്‍ വീണവര്‍ക്ക് രക്ഷപ്പെടാനായി ഇട്ട് കൊടുക്കുന്ന സുരക്ഷാ ഉപകരണം) കൊടുത്ത് റെഡിയായി നിക്കാന്‍ പറഞ്ഞു.’ -ഷഹീര്‍ തുടര്‍ന്നു.

‘ബോട്ട് മറിഞ്ഞ തോണിക്ക് അടുത്തെത്തിയപ്പോള്‍ പുഴയില്‍ മൂന്ന് പേരെയാണ് ഞാന്‍ കണ്ടത്. ഒരാള്‍ നീന്തി കരയിലെത്തിയിരുന്നു. ബാക്കി രണ്ട് പേര്‍ പുഴയില്‍ മുങ്ങിത്താഴുകയായിരുന്നു. അവരുടെ അടുത്തേക്ക് വല്ലാതെയങ്ങ് ബോട്ട് അടുപ്പിച്ചാല്‍ അതിന്റെ അടിയില്‍ പെട്ട് അവര്‍ക്ക് അപകടമുണ്ടാകും. അതുകൊണ്ട് കുറച്ച് വിട്ട് ബോട്ട് നിര്‍ത്തി.’ -ഷഹീര്‍ പറഞ്ഞു.

‘ബോട്ട് നിര്‍ത്തി വെള്ളത്തില്‍ ചാടിയിട്ട് അവര്‍ക്ക് ബോയ ഇട്ട് കൊടുത്തു. ബോയ കിട്ടിയതോടെ അവര്‍ക്ക് മുങ്ങാതെ വെള്ളത്തില്‍ കിടക്കാനായി. ഇനി ഞങ്ങള് തന്നെ നീന്തിക്കേറാം എന്ന് അവര് പറഞ്ഞു. അവര്‍ നീന്താന്‍ അറിയുന്നവരായിരുന്നു.’

‘ഇനി ആരെങ്കിലും ഉണ്ടോ എന്ന് അവരോട് ചോദിച്ചപ്പോഴാണ് അഫ്‌നാസിന്റെ കാര്യം പറഞ്ഞത്. അവന്‍ നീന്തി കരയില്‍ കയറി എന്നാണ് അവര്‍ ആദ്യം വിചാരിച്ചത്. എന്നാല്‍ പേര് വളിച്ചിട്ട് മറുപടി കിട്ടാത്തതോടെയാണ് അഫ്‌നാസിന് രക്ഷപ്പെടാന്‍ കഴിഞ്ഞിട്ടില്ല എന്ന് മനസിലായത്.’

‘അപ്പോഴേക്ക് മറ്റൊരു ബോട്ട് അങ്ങോട്ടേക്ക് വന്നു. പുഴയില്‍ അഫ്‌നാസിന്റെ കൈ കണ്ടുവെന്ന് അതിലുള്ളവര്‍ പറഞ്ഞു. ഇതിനെക്കാള്‍ വലിയ പുഴയിലൊക്കെ മണല്‍ വാരിയും നീന്തിയുമെല്ലാം ശീലമുള്ളതിനാല്‍ ഞാന്‍ അഫ്‌നാസിനെ രക്ഷിക്കാനായി പുഴയില്‍ തന്നെ തുടര്‍ന്നു. ഒരു മണിക്കൂറോളം സമയം ഞാന്‍ പുഴയില്‍ തന്നെയായിരുന്നു. പിന്നെ ബോഡി മൊത്തം തണുത്ത് വിറയ്ക്കാന്‍ തുടങ്ങിയപ്പൊഴാണ് കേറിയത്. അപ്പോഴേക്കും കുറേ ആള്‍ക്കാര്‍ തിരച്ചിലിന് എത്തിയിരുന്നു.’

‘വീട്ടില്‍ പോയി ചൂട് വെള്ളമൊക്കെ കുടിച്ച് ഒന്ന് സെറ്റായി ഞാന്‍ വീണ്ടും പുഴവക്കത്ത് എത്തി. പിന്നെ പുഴയില്‍ ഇറങ്ങിയില്ലെങ്കിലും ഞാന്‍ അവിടെ തന്നെ നിന്നു. രക്ഷപ്പെട്ട മൂന്നാളും പുഴയില്‍ വീണപ്പോള്‍ വെള്ളം കുടിച്ച് ആകെ ക്ഷീണിച്ചിരുന്നു. രാത്രി എട്ട് മണിക്ക് ബോഡി കിട്ടുന്നത് വരെ ഞാന്‍ അവിടെ ഉണ്ടായിരുന്നു.’ -ഷഹീര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

അഫ്‌നാസിനെ നഷ്ടപ്പെട്ടതിന്റെ വലിയ ദുഃഖം ഉള്ളപ്പോഴും ബാക്കി മൂന്ന് പേരെയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ ചെറിയ സന്തോഷവും ഷഹീറിനുണ്ട്. നങ്ങ്യാരണ്ടി നിവേദ് (22), പുതിയോട്ടില്‍ നിയാസ് (29), ഷഹീന്‍ (19) എന്നിവരാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മുചുകുന്ന് സ്വദേശി കേളോത്ത് മീത്തല്‍ താമസിക്കും പുതിയോട്ടില്‍ അസൈനാറിന്റെയും സഫിയയുടെയും മകന്‍ അഫ്നാസാണ് അപകടത്തില്‍ മരിച്ചത്.