രണ്ടാം ഡോസ് സ്വീകരിക്കാന്‍ കഴിയാതെ ജനങ്ങള്‍; രജിസ്‌ട്രേഷന്‍ നടപടികള്‍ കാര്യക്ഷമമല്ലെന്ന് പരാതി, രണ്ടാം ഡോസുകാര്‍ക്ക് പ്രത്യകേ കേന്ദ്രം ഒരുക്കണമെന്നാവശ്യം


കൊയിലാണ്ടി: 45 വയസ്സിനു മുകളിലുള്ളവര്‍ രണ്ടാം കോവിഡ് വാക്‌സിന്‍ ഡോസിനായി നെട്ടോട്ടമോടുന്നു. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നുണ്ടെങ്കിലും വാക്‌സിന്‍ക്ഷാമം കാരണം വാക്‌സിന്‍ ചെയ്യേണ്ട തീയതിയും സ്ഥലവും കിട്ടുന്നില്ലെന്നാ
ണ് പരാതി. വാക്‌സിന്‍ വരുന്നതിനനുസരിച്ചു മാത്രമേ തീയതിയും സ്ഥലവും കിട്ടുകയുള്ളൂ. ഇതിനായി ഇടയ്ക്കിടെ സൈറ്റില്‍ കയറി പരിശോധിക്കേണ്ട സ്ഥിതിയാണ്. ഇതിനുകഴിയാത്തവരാണ് പ്രതിസന്ധിയിലായത്.

ഇതോടെ പലരും സംശയങ്ങളുമായി വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ എത്തുന്നുണ്ട്. കോവിഷീല്‍ഡാണെങ്കില്‍ രണ്ടാം ഡോസ് 56 ദിവസത്തിനുള്ളില്‍ ചെയ്യണം. കോവാക്‌സിനാണെങ്കില്‍ 42 ദിവസത്തിനുള്ളിലും. രണ്ടാം ഡോസ് ചെയ്യേണ്ട സമയപരിധി അടുത്തവരാണ് ഏറെയും. സമയം കഴിഞ്ഞാല്‍ എന്തുചെയ്യുമെന്ന ആശങ്കയിലാണിവര്‍. ചില സമയങ്ങളില്‍ ഷെഡ്യൂള്‍ ലഭ്യമാകുമെങ്കിലും അത് സമീപ പ്രദേശങ്ങളില്‍ കിട്ടാറില്ല.

18 മുതല്‍ 45 വയസ്സ് വരെയുള്ളവരുടെ രജിസ്ട്രേഷന്‍ തുടങ്ങുന്നതിനുമുമ്പേ ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസിനായി പ്രത്യേകസൗകര്യം ഒരുക്കണമെന്ന ആവശ്യമുയരുന്നുണ്ട്. സൈറ്റില്‍ത്തന്നെ ഇതിനനുസരിച്ചുള്ള മാറ്റംവരുത്തുകയോ സമയപരിധി അവസാനിക്കാറായ രണ്ടാം ഡോസുകാര്‍ക്ക് പ്രത്യേകകേന്ദ്രം ഒരുക്കുകയോ ചെയ്യണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇപ്പോള്‍ പലയിടങ്ങളിലും സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ കോവിഡ് വാക്‌സിന്‍ രജിസ്ട്രേഷനുവേണ്ട സഹായം നല്‍കുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങളില്‍ ഒട്ടേറെപ്പേര്‍ രജിസ്ട്രേഷനുമായി എത്തുന്നുമുണ്ട്. എന്നാല്‍, സമയവും സ്ഥലവും അനുവദിച്ചുകിട്ടുന്നവര്‍ വിരളമാണ്.