രജിസ്‌ട്രേഷനു ശേഷമാണ് കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് അറിഞ്ഞതെന്ന് കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ നടത്തിപ്പ് കരാര്‍ ഏറ്റെടുത്ത അലിഫ് ബില്‍ഡേഴ്‌സ്


കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി കെട്ടിട സമുച്ചയത്തിലെ ബലക്ഷം സംബന്ധിച്ച ചെന്നൈ ഐ.ഐ.ടി റിപ്പോര്‍ട്ട് തങ്ങളെ കാണിച്ചിട്ടില്ലെന്നും അതുസംബന്ധിച്ച് അറിഞ്ഞിരുന്നില്ലെന്നും കെട്ടിടം നടത്തിപ്പ് കരാര്‍ എറ്റെടുത്ത അലിഫ് ബില്‍ഡേഴ്‌സ്. 30 വര്‍ഷത്തേക്കാണ് അലിഫ് ബില്‍ഡേഴ്‌സ് കെട്ടിടത്തിന്റെ നടത്തിപ്പ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.

കെട്ടിടം ഏറ്റെടുക്കുന്ന സമയത്ത് തകരാറിനെക്കുറിച്ചോ ചെന്നൈ ഐ.ഐ.ടി ഏറ്റെടുക്കുന്നതിനെക്കുറിച്ചോ തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് അലിഫ് ബില്‍ഡേഴ്‌സ് മാനേജിങ് ഡയറക്ടര്‍ മൊയ്തീന്‍ പറഞ്ഞു. 30 വര്‍ഷത്തെ നടത്തിപ്പിനായി 26 കോടിയോളം രൂപ കെ.ടി.ഡി.എഫ്.സിയിലേക്ക് അടച്ചിട്ടുണ്ട്. ചോര്‍ച്ചയടക്കമുള്ള ചില പ്രശ്‌നങ്ങളെ കുറിച്ച് തുടക്കത്തില്‍ തങ്ങള്‍ അറിയിച്ചിരുന്നു. കെ.ടി.ഡി.എഫ്.സി മാനേജിങ് ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് ഇത് പരിഹരിക്കാമെന്ന്പറഞ്ഞു.

കരാര്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞശേഷമാണ് ചെന്നൈ ഐ.ഐ.ടി നടത്തിയ പരിശോധനയില്‍ ചില തകരാര്‍ കണ്ടെത്തിയെന്ന് അവര്‍ പറഞ്ഞത്. ആറുമാസത്തിനകം കെട്ടിടം ബലപ്പെടുത്തി പ്രശ്‌നം പരിഹരിക്കാമെന്നും ഈ കാലയളവ് കരാറില്‍ നീട്ടി നല്‍കാമെന്നും അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.