രക്ഷകരായത് നാദാപുരം പൊലീസ്; നാട്ടുകാര്‍ക്ക് പറയാനുള്ളത് ഒരു ജീവന്‍ രക്ഷിച്ച കഥ


നാദാപുരം: പോലീസ് നടത്തിയ സമയോചിതമായ ഇടപെടലില്‍ തിരിച്ചുകിട്ടിയത് നഷ്ടപ്പെടുമായിരുന്ന ഒരു ജീവൻ. നാദാപുരം കണ്‍ട്രോള്‍ റൂമിലെ പോലിസുകാരാണ് ഇന്നത്തെ രക്ഷകര്‍. വീട്ടില്‍ കയറി വാതിലടച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു നാദാപുരത്തുകാര്‍. പക്ഷേ അകത്തു കയറാനോ രക്ഷിക്കാനോ നാട്ടുകാര്‍ക്ക് കഴിഞ്ഞില്ല. ഉടനെ സ്ഥലത്തെത്തിയ എഎസ്ഐ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് കോണി വച്ച് ബാല്‍ക്കണി വഴി വീടിന്റെ അകത്തിറങ്ങി. കയറില്‍ തൂങ്ങി ജീവനു വേണ്ടി പിടയുന്ന യുവാവിനെ രക്ഷിച്ചു.

കയറിൽ പിടഞ്ഞു കൊണ്ടിരുന്ന യുവാവിന്റെ കാലിന് പിടിച്ച് എടുത്തുയര്‍ത്തുകയും കയര്‍ അറുത്തു മാറ്റുകയും ചെയ്തത് എഎസ്ഐ രാധാകൃഷ്ണനായിരുന്നു. പ്രഥമ ശുശ്രുഷ നല്‍കിയതിനു പിന്നാലെ കണ്‍ട്രോള്‍ റൂം വാഹനത്തില്‍ത്തന്നെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു.

എഎസ്ഐ രാധാകൃഷ്ണന്റെയും കണ്‍ടോള്‍ റൂമിലെ പോലിസുകാരായ സരിത്ത്, ബിനു എന്നിവരുടെയും അവസരോചിതമായ ഇടപെടലാണ് ഒരു ജീവന്‍ തന്നെ തിരിച്ചുപിടിക്കാന്‍ സഹായിച്ചത്. കണ്‍ട്രോള്‍ റൂം എവിടെയും എപ്പോഴും ഒരു വിളിപ്പാടകലെയുണ്ടെന്നും സഹായത്തിനു 112 ഡയല്‍ ചെയ്യണമെന്നും പോലീസ് അറിയിച്ചു. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് ഓര്‍മിപ്പിക്കുന്നു.