യുവാവിനെ തട്ടിക്കൊണ്ടു പോകൽ; രണ്ട് പേർ പിടിയിൽ, പിന്നിൽ സ്വർണ്ണക്കടത്ത്


നാദാപുരം: പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയിൽ അജ്നാസിനെ വ്യാഴാഴ്ച അർധരാത്രിയിൽ എളയടത്ത്നിന്ന് വോളിബോൾ കളി കഴിഞ്ഞ് മടങ്ങുമ്പോൾ ആക്രമിച്ച് തട്ടിക്കൊണ്ട് പോയ കേസിൽ മുഖ്യസൂത്രധാരായ രണ്ടുപേർ പിടിയിൽ.

തട്ടിയെടുത്ത സ്വർണം തിരിച്ചുപിടിക്കാനയി ക്വട്ടേഷൻ സംഘത്തിന്റെ സഹാത്തോടെ ആക്രമണം ആസൂത്രണം ചെയ്ത
കാർത്തികപ്പള്ളി മുയിപ്ര കോട്ടോളി ഫൈസൽ (37), വില്യാപ്പള്ളി ചേരിപ്പൊയിൽ നീലിയത്ത് സെയ്ത് അലിയാർ സെയ്ത് (38) എന്നിവരെയാണ് നർക്കോട്ടിക് ഡിവൈ.എസ്.പി. സി. സുന്ദരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

അജ്‌നാസിനെ തട്ടിക്കൊണ്ടു പോകാൻ ആസൂത്രണം ചെയ്തത് ഫൈസലാണെന്ന് പോലീസ് പറഞ്ഞു. ഫൈസലിനുവേണ്ടി ദുബായിൽനിന്ന് കൊടുത്തയച്ച ഒരു കിലോയിലധികം സ്വർണം അജ്‌നാസിന്റെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയത് തിരിച്ചു പിടിക്കാനാണ് തട്ടിക്കൊണ്ടു പോകൽ ആസൂത്രണം ചെയ്തതെന്നാണ് പോലീസിന് കിട്ടിയ വിവരം.

പ്രശ്നം പരിഹരിക്കാൻ സംഘങ്ങൾ തമ്മിൽ നിരവധി പ്രാവശ്യം ചർച്ചയ്ക്കിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫൈസലിന്റെ പരാതിയിൽ ഒരു കിലോ സ്വർണം കവർച്ച ചെയ്ത കേസിൽ അജ്‌നാസടക്കമുള്ള ഏഴ് പേർക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു.

ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ അജ്‌നാസ് 24 മണിക്കൂറിനുള്ളിൽ പോലീസിൽ കീഴടങ്ങിയിരുന്നു. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും 10 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുണ്ടായിരുന്നെന്നുമാണ് അജ്‌നാസ് ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ ഇതിനുപിന്നിൽ സ്വർണമിടപാടുള്ളതായി വിവരം ലഭിച്ചതോടെയാണ് റൂറൽ എസ്.പി എ.ശ്രീനിവാസിന്റെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

സംഭവത്തിൽ അഞ്ച് പ്രതികളെക്കൂടി പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു, വടകര മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്തു. നാദാപുരം സി.ഐ. എൻ.കെ. സത്യനാഥൻ, എസ്.ഐ കെ.പി.ജയൻ, എ.എസ്.ഐ രാജീവൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.