യുവത്വം വീണ്ടും കലാലയങ്ങളിലേക്ക്; കേരളത്തിൽ കൊവിഡിനെത്തുടര്‍ന്ന് അടച്ച കോളേജുകള്‍ ഇന്ന് തുറക്കുന്നു



കോഴിക്കോട്: കോവിഡിനെ തുടർന്ന് അടഞ്ഞു കിടന്ന കോളേജുകൾ ഇന്നു മുതൽ പതിവു രീതിയിൽ ക്ലാസുകളിലേക്കു മടങ്ങുന്നു. 18ന് ആണ് കോളേജുകൾ തുറക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്തു നീട്ടിവയ്ക്കുകയായിരുന്നു. അണുനശീകരണ സംവിധാനങ്ങൾ എല്ലാ കോളേജിലും ഒരുക്കിയിട്ടുണ്ട്. അവസാന വർഷ വിദ്യാർഥികളുടെ ക്ലാസ് ഒക്ടോബർ 4നു തുടങ്ങി. മിക്ക കോളേജുകളും അവസാന വർഷ വിദ്യാർഥികളുടെ ക്ലാസ് തുടങ്ങുന്നതിന്റെ ഭാഗമായി ശുചീകരണം നടത്തിയിരുന്നു.

ഇന്നു വീണ്ടും ക്ലാസ് തുടങ്ങുമ്പോൾ പഠനാവധിയിലാണ് അവസാന വ‍ർഷ വിദ്യാർഥികൾ. മാർച്ചിൽ ബിരുദ പഠന കാലയളവു കഴിയാനിരിക്കെ 4 സെമസ്റ്ററുകളുടെ പരീക്ഷകളാണ് അവർക്ക് എഴുതാനുള്ളത്. അടുപ്പിച്ചു പരീക്ഷകൾ വരുന്നതിന്റെ ആശങ്കയിലാണു വിദ്യാർഥികൾ. രണ്ടാം വർഷ വിദ്യാർഥികൾ ഒരു വർഷത്തിനിടെ വളരെ കുറച്ചു ദിവസങ്ങളിൽ മാത്രമാണു കോളേജിൽ എത്തിയത്. മിക്കയിടത്തും ഒരു ക്ലാസിലെ കുട്ടികളെ 2 ബാച്ചായി തിരിച്ചാണു ക്ലാസുകൾ നടത്തുക. ഇതു കാരണം എല്ലാ വിദ്യാർഥികളെയും ഉൾക്കൊള്ളാൻ കോളേജുകൾക്കു കഴിയില്ല.

അതിനാൽ ഏതെങ്കിലും രണ്ടു വർഷക്കാരെ മാത്രം വരുത്താനാകും കോളേജുകൾ ശ്രമിക്കുക. ക്ലാസ് മുറികളുടെയും അധ്യാപകരുടെയും അഭാവം, കോവിഡ് സാഹചര്യം എന്നിവ കണക്കിലെടുത്ത് പല കോളേജുകളും ഒന്നാം വർഷ ക്ലാസുകൾ ഇന്നു തുടങ്ങുന്നില്ല. ചില കോളേജുകളിൽ പ്രവേശന നടപടികൾ ഇനിയും പൂർത്തിയാകാനുണ്ട്.മൂല്യനിർണയ ജോലികളും തുടങ്ങാനിരിക്കുന്ന പരീക്ഷകളുടെ ക്രമീകരണങ്ങളും കാരണം അധ്യാപകർക്ക് അധ്യയനത്തിലേക്കു പൂർണമായി കേന്ദ്രീകരിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്.

അവസാന വർഷക്കാരുടെ പരീക്ഷകൾ നടക്കുമ്പോൾ മറ്റു വിദ്യാർഥികൾക്ക് അവധി നൽകേണ്ടി വന്നേക്കാം. കോളേജുകൾ തുറക്കുന്നതിനു മുൻപായി എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും വാക്സീൻ നൽകാൻ ശ്രമിച്ചിരുന്നു. 18 വയസ്സിനു മുകളിലുള്ളവരിൽ ഭൂരിഭാഗവും ഒരു ഡോസ് വാക്സീൻ എങ്കിലും സ്വീകരിച്ചവരാണ്. എന്നാൽ ഒന്നാം വർഷ വിദ്യാർഥികളിൽ പലർക്കും 18 വയസ്സ്തി കഞ്ഞിട്ടില്ലാത്തതിനാൽ വാക്സീൻ ലഭിച്ചിട്ടില്ല.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.