യുവജനങ്ങൾ വയലിലേക്ക്; വൻ പദ്ധതിയുമായി കൃഷി വകുപ്പ്


കൊയിലാണ്ടി: നെല്‍കൃഷിയുമായി ബന്ധപ്പെട്ട കാര്‍ഷിക യന്തങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലും, അവയുടെ റിപ്പെയറിങ്ങിലും ജില്ലയിൽ ഇരുന്നൂറ് പേര്‍ക്ക് കൃഷി വകുപ്പ് പരിശീലനം നല്‍കുന്നു. ജില്ലയിലെ കാര്‍ഷിക കര്‍മ്മസേനയിലെയും ആഗ്രോ സര്‍വ്വീസ് സെന്ററിലെയും തിരഞ്ഞെടുക്കപ്പെട്ട നൂറ് വൊളണ്ടിയര്‍മാര്‍ക്കാണ് പരിശീലനം നൽകുന്നത്.

ട്രാക്ടര്‍, ട്രില്ലര്‍, ബ്രഷ് കട്ടര്‍, ട്രാന്‍സ്പ്ലാന്‍മെഷീന്‍, ഫ്‌ളോട്ടിംങ്ങ് ഹിറ്റാച്ചി, ആംഫഈബിയന്‍ തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കുന്നതിലും, വിവിധ ഐ.ടി.ഐകളില്‍ നിന്ന് മെക്കാനിക്കല്‍ ബ്രാഞ്ചില്‍ പഠനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ റിപ്പെയറിങ്ങിലുമാണ് പരിശീലനം നല്‍കുന്നത്.

കൃഷി വകുപ്പിന് കീഴിലുളള സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷനാണ് പരിശീലനം നല്‍കുന്നതിന്റെ ചുമതല. മിഷന്‍ സി.ഇ.ഒ ഡോ.യു.ജയകുമാരനാണ് മലബാര്‍ ടാസ്‌ക്ക് ഫോഴ്‌സ് രൂപവല്‍ക്കരിച്ചു പദ്ധതി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ചങ്ങരോത്ത്, കോട്ടൂര്‍, ചേളന്നൂര്‍, നടുവണ്ണൂര്‍ എന്നിവിടങ്ങളിലെ പാടശേഖരങ്ങളാണ് പരിശീലന കേന്ദ്രങ്ങള്‍.

ഓരോ പരിശീലന കേന്ദ്രത്തിലും 25 കാര്‍ഷിക കര്‍മ്മ സേനാംഗങ്ങള്‍ക്കും, 25 ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍ക്കുമാണ് പരിശീലനം. ഈ പഞ്ചായത്തുകളിലെ 25 ഏക്കര്‍ വീതം തരിശു ഭൂമി നെല്‍കൃഷി ചെയ്യാന്‍ കഴിയും വിധം വീണ്ടെടുക്കലും യന്ത്രവല്‍ക്കരണത്തില്‍ പരിശീലനം നല്‍കുന്നതിലൂടെ സാധിക്കുന്നുണ്ട്. പരിശീലനം നല്‍കുന്നതോടൊപ്പം കൃഷി ഭൂമി വീണ്ടെടുക്കുകയെന്ന ലക്ഷ്യം കൂടി പദ്ധതിക്കുണ്ടെന്ന് ബാലുശ്ശേരി കൃഷി അസി.ഡയരക്ടര്‍ അനിത പാലേരി പറഞ്ഞു. അതു പ്രകാരം നൂറ് ഏക്കറില്‍ നെല്‍കൃഷിയ്ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയും.

ബാലുശ്ശേരി ബ്ലോക്കിന് കീഴിലെ കോട്ടൂര്‍, നടുവണ്ണൂര്‍ പാടശേഖരങ്ങളില്‍ 20 വര്‍ഷത്തിലേറെയായി ഒരു കൃഷിയും ചെയ്യാതെ കിടന്ന വയലുകളാണ് പദ്ധതിയുടെ പരിശീലന കേന്ദ്രങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത്. നടുവണ്ണൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലെ ചേനാത്ത് താഴ, എരട്ടം വളപ്പില്‍താഴ ഭാഗത്ത് കുറ്റിക്കാട് നിറഞ്ഞ വയേലലയില്‍ 20 വര്‍ഷമായി നെല്‍കൃഷിയൊന്നും നടക്കുന്നില്ല. പുല്ലും പായലും അടിക്കാടുകളും നിറഞ്ഞു കിടന്ന പാടശേഖരം ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായിരുന്നു. ഈ പാടശേഖരമാണ് കാര്‍ഷിക യന്ത്ര പരിശീലനത്തിനായി തിരഞ്ഞെടുത്തത്.

ഇപ്പോള്‍ ഈ പാടത്തിലെ 25 ഏക്കറയോളം സ്ഥലം ഉഴുതു മറിച്ചു കഴിഞ്ഞു. പായ ഞാറ്റടിയിലുടെ ഞാറ് തയ്യാറാക്കുന്ന പ്രവൃത്തിയിലാണ് പരിശീലകരിപ്പോള്‍. രണ്ട് ദിവസത്തി നുളളില്‍ ട്രാന്‍സ്പ്ലാന്റേഷന്‍ യന്ത്രമുപയോഗിച്ച് ഞാറ് പറിച്ച് നടും. മനുരത്‌നം എന്ന വിത്താണ് കൃഷിചെയ്യാന്‍ ഉപയോഗിക്കുന്നത്. 25 സ്ഥലമുടമകളുടെതാണ് വയല്‍. ഇവര്‍ക്ക് സാമ്പത്തിക ബാധ്യതയൊന്നും ഇപ്പോഴില്ല.
വളപ്രയോഗവും, വിളവെടുക്കലും മാത്രമായിരിക്കും സ്ഥലമുടമകള്‍ ചെയ്യേണ്ടത്. കാര്‍ഷിക യന്ത്രങ്ങളില്‍ പരിശീലനം നല്‍കാന്‍ എഞ്ചിനിയര്‍മാര്‍, മാസ്റ്റര്‍ ട്രെയിനിമാര്‍ എന്നിവര്‍ ഉണ്ട്. തൃശൂരില്‍ നിന്നാണ് പരിശീലകര്‍ എത്തിയത്. പരിശീലനം നേടുന്നവര്‍ക്ക് ഓരോ ദിവസവും 300 രൂപ വീതം നല്‍കുന്നുണ്ട്. സ്ത്രീകളും പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്.

കൂത്താളി കൃഷി ഫാം കേന്ദ്രീകരിച്ച് 419 ലക്ഷം രൂപ ചെലവില്‍ ഒട്ടനവധി കാര്‍ഷിക യന്ത്രോപകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്യാനാവാതെ കിടക്കുന്ന പാടങ്ങളില്‍ നിലമൊരുക്കാന്‍ സഹായിക്കുന്ന കാര്‍ഷിക യന്ത്രങ്ങളില്‍ പരിശീലനം നല്‍കുകയാണ് ചെയ്യുന്നത്. തോടുകളിലും വയലുകളിലും കളകളും ചെളിയും നീക്കം ചെയ്യുന്ന ആംഫീബിയന്‍, ട്രാക്ടര്‍, എന്നിവയിലാണ് പരിശീലനം.