യു.എ.ഇ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു; പ്രവാസികള്‍ക്ക് തിരിച്ചടിയായി ടിക്കറ്റ് ചാര്‍ജ്ജ്, നിരക്കുകള്‍ 28000 മുതല്‍ 37000 വരെ


കോഴിക്കോട്: കോവിഡിനെ തുടർന്ന് നിർത്തിവച്ച യു.എ.ഇ വിമാന സർവീസുകൾ വ്യാഴാഴ്‌ച പുനരാരംഭിച്ചു. കർശന നിയന്ത്രണങ്ങളോടെയാണ്‌ യാത്രാനുമതി. വ്യാഴാഴ്‌ച പുലർച്ചെ 3.30ന് കരിപ്പൂരിൽനിന്ന്‌ ഷാർജയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനത്തിൽ 13 പേർ മാത്രമാണുണ്ടായിരുന്നത്‌. യുഎഇയിൽനിന്ന് രണ്ട്‌ ഡോസ്‌ വാക്സിൻ എടുത്തവർക്ക് മാത്രമാണ് യാത്രാനുമതി.

കഴിഞ്ഞ ഏപ്രിൽ 24നാണ് ഇന്ത്യയിൽനിന്ന് നേരിട്ടുള്ള യാത്രയ്ക്ക് യു.എ.ഇ വിലക്ക് ഏർപ്പെടുത്തിയത്. ഇളവ്‌ മുതലെടുത്ത്‌ വിമാന കമ്പനികൾ ടിക്കറ്റ്‌ നിരക്ക്‌ കുത്തനെ കൂട്ടി. 28,000 മുതൽ 37,000 രൂപ വരെയാണ് നിരക്ക്‌. ഇൻഡിഗോ എയർലൈൻസാണ് നിരക്കിൽ ഒന്നാമത്, 37,000 രൂപ. ഫ്ലൈ ദുബായ്‌ –-31,000, എയർ അറേബ്യ–- 29,000. ചുരുങ്ങിയ നിരക്കുണ്ടായിരുന്ന എയർ ഇന്ത്യാ എക്‌സ്‌പ്രസും 28,000 രൂപവരെ കുത്തനെ കൂട്ടി.

നിയന്ത്രണങ്ങളോടെയാണെങ്കിലും സർവീസ്‌ പുനരാരംഭിച്ചത്‌ പ്രവാസികൾക്ക്‌ ആശ്വാസമായി. നേരത്തെ ഖത്തർ വഴി മാത്രമായിരുന്നു യാത്രാനുമതി. അല്ലെങ്കിൽ യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾ വഴി പോകണം. ഇതിന്‌ ലക്ഷത്തിന്‌ മുകളിലായിരുന്നു ചെലവ്‌. അടുത്ത ഘട്ടം തദ്ദേശീയ വാക്‌സിൻ എടുത്തവർക്കും യാത്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ പ്രവാസികൾ.