യാത്രാപ്രശ്‌നവും ഭൗതികസാഹചര്യം മെച്ചപ്പെടുത്തണം; കണ്ണോത്ത് യു.പി. സ്‌കൂളിന് മുന്നില്‍ സംരക്ഷണ സമരം


കീഴരിയൂർ: കണ്ണോത്ത് യു.പി സ്കൂളിലെ വിദ്യാർഥികളുടെ യാത്രാപ്രശ്നം പരിഹരിക്കുക, ഭൗതികസാഹചര്യം മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് സ്കൂളിന് മുന്നിൽ സംരക്ഷണവലയം തീർത്തു. സ്കൂളിനെ തകർക്കാൻ മാനേജ്‌മെന്റ് ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ഒരുവിഭാഗം രക്ഷിതാക്കളും നാട്ടുകാരും സംരക്ഷണവലയം തീർത്ത് പ്രതിഷേധിച്ചത്.

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗോപാലൻ നായർ ഉദ്ഘാടനംചെയ്തു. മേലടി വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയത്തിൽ 500-നടുത്ത് വിദ്യാർഥികൾ പഠിക്കുന്നുണ്ട്.

സ്കൂൾ സംരക്ഷണസമിതി ചെയർമാൻ എം. സുരേഷ് അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് മെമ്പർ കെ. ഗോപാലൻ, കൺവീനർ ഇ.കെ. ദാസൻ, കെ.ടി. രാഘവൻ, പാറോളി ശശി, കെ. നൗഷാദ്, എസ്.കെ. ശ്രീലേഷ്, ടി. കുഞ്ഞിരാമൻ, സി. ഹരീന്ദ്രൻ, സി.പി. സംഗീത, കെ.എം. സുരേഷ് ബാബു, കെ. പ്രകാശൻ, കെ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

എന്നാൽ, മികച്ചനിലയിൽ പ്രവർത്തിക്കുന്ന സ്കൂളിനെ അപകീർത്തിപ്പെടുത്താൻ ചിലർ ശ്രമിക്കുന്നതായി സ്കൂൾ മനേജ്‌മെന്റ് ആരോപിച്ചു. ഇപ്പോഴത്തെ മാനേജ്‌മെന്റ് സ്കൂൾ ഏറ്റെടുത്തിട്ട് അഞ്ചുവർഷമായി. ഭൗതികസാഹചര്യം മൂലം പ്രയാസം നേരിടുന്ന ഈ സ്കൂളിൽ ഒമ്പത് ക്ലാസ് മുറികൾ പുതുതായി നിർമിച്ച് വികസനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്ക് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പിന്തുണ ലഭിച്ചിട്ടുണ്ടെന്നും മാനേജർ കെ. രാധ അറിയിച്ചു.