യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: എല്ലാം കാണാൻ മുകളിലൊരാളുണ്ട്; ഇനി എല്ലാം ഒപ്പിച്ച് അങ്ങനെ കടന്നുകളയാനാകില്ല
കോഴിക്കോട്:ഹെല്‍മറ്റ് വയ്ക്കാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയുമൊക്കെ ജില്ലയിലെ റോഡുകളിലൂടെ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, ‘മുകളിലൊരാള്‍’ എല്ലാ കാണാനെത്തുന്നുണ്ടെന്ന തിരിച്ചറിവ് നല്ലതാണ്. പൊലീസിനെ വെട്ടിച്ചാലും മുകളിലുള്ള സംവിധാനത്തെ കബളിപ്പിക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്.
നിര്‍മിതബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 50 ക്യാമറകളാണ് (എഐ ക്യാമറകള്‍) മോട്ടര്‍ വാഹനവകുപ്പ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. പ്രധാന റോഡുകളില്‍ മാത്രമാകില്ല ക്യാമറകളുണ്ടാവുക.
മോട്ടര്‍വാഹന വകുപ്പ് സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന ‘സേഫ് കേരള’ എന്ന പദ്ധതിയുടെ ഭാഗമായാണു ഓട്ടമേറ്റഡ് ക്യാമറകളെത്തുന്നത്. നിയമലംഘനങ്ങളുടെ ചിത്രമെടുത്ത് ക്യാമറകള്‍ അപ്പോള്‍ത്തന്നെ കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചുകൊടുക്കും. ഇതിന്റെ ഭാഗമായി മോട്ടര്‍ വാഹനവകുപ്പിന്റെ ജില്ലയിലെ കണ്‍ട്രോള്‍ റൂമും പൂര്‍ണമായി ഓട്ടമേറ്റ് ചെയ്യുന്നുണ്ട്. നിലവില്‍ 45 എഐ ക്യാമറകള്‍ തയാറായിട്ടുണ്ട്. കെല്‍ട്രോണിനാണ് ഇതിന്റെ ചുമതല.
കണ്‍ട്രോള്‍ റൂം, ജിപിഎസ് ട്രാക്കിങ് തുടങ്ങിയ സംവിധാനങ്ങള്‍ സജ്ജമാക്കുന്നതും കെല്‍ട്രോണ്‍ തന്നെ. മോട്ടര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കും. ജില്ലയില്‍ എവിടെയൊക്കെ ക്യാമറ സ്ഥാപിക്കണമെന്ന് നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. ചിലയിടങ്ങളില്‍ ക്യാമറ സ്ഥാപിക്കാനുള്ള തൂണുകളുടെ നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. 2 മാസത്തിനുള്ളില്‍ ജില്ലയില്‍ എഐ ക്യാമറകള്‍ പൂര്‍ണമായി സജ്ജമാകും. സൗരോര്‍ജത്തിലാണു ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നത്.
വേര്‍തിരിച്ചറിയും നിയമലംഘനങ്ങള്‍
പുതിയ തരം ക്യാമറകള്‍ സ്ഥാപിക്കുന്നതോടെ വിവിധ തരം നിയമലംഘനങ്ങള്‍ വേര്‍തിരിച്ചു കണ്ടെത്താനാകും. ഹെല്‍മറ്റ് ധരിക്കാത്തവരുടെ മാത്രം വിവരങ്ങളാണു ശേഖരിക്കുന്നതെങ്കില്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ അവ കണ്ടെത്തും. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരാണെങ്കില്‍ അതും. ഹെല്‍മറ്റിനു പകരം സമാനരീതിയിലുള്ള തൊപ്പിയും തലക്കെട്ടുമൊക്കെ ധരിച്ചാലും പുത്തന്‍ ക്യാമറ അവ കണ്ടുപിടിക്കും. വയര്‍ലെസ് ക്യാമറകളായതിനാല്‍ ഇടയ്ക്കിടെ എടുത്തുമാറ്റാനും സാധിക്കും. അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ വ്യാപകമായതോടെ ഇത്തരം ക്യാമറകള്‍ക്കു വാഹനങ്ങളെയും ഉടമകളെയും തിരിച്ചറിയുകയും സുഗമമാകും.