യന്ത്രങ്ങളെത്തി; കുറുവങ്ങാട് കയർ മേഖലയ്ക്ക് ഉണർവ്, കൊയിലാണ്ടി ചൂടിയുടെ പേര് ഇനിയും ഉയരങ്ങളിലേക്ക്


കൊയിലാണ്ടി: പ്രതിസന്ധിയിലായ കയര്‍ മേഖലയുടെ സംരക്ഷണത്തിന് ആധുനിക യന്ത്ര സംവിധാനങ്ങള്‍ തുണയാകുന്നു. കുറുവങ്ങാട് കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ പുതിയ യന്ത്ര സംവിധാനങ്ങള്‍ സ്ഥാപിച്ചതോടെ കയര്‍ ഉല്‍പ്പാദന രംഗത്ത് പുതു ചലനങ്ങള്‍ ദൃശ്യമായിരിക്കുകയാണ്. ആലപ്പുഴയിലെ കേരള സ്റ്റെയിറ്റ് കയര്‍ മെഷിനറി മാനുഫാക്ച്ചറിംങ്ങ് കമ്പനിനിയില്‍ നിന്ന് 10 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനാണ് കുറുവങ്ങാട് കയര്‍ സഹകരണ സംഘത്തില്‍ പുതുതായി കൊണ്ടു വന്നത്.

ഈ യന്ത്രത്തിന്റെ സഹായത്തോടെ ചൂടി പിരിയില്‍ വലിയ കുതിച്ചു ചാട്ടമുണ്ടാകും. കൂടാതെ ചകിരി നാരിലെ കരട് കളഞ്ഞ് ഗുണമേന്‍മയുളള നാര് ഉണ്ടാക്കാന്‍ കഴിയുന്ന വില്ലോവിംങ്ങ് മെഷിനും ഇവിടെ കൊണ്ടു വന്നിട്ടുണ്ട്. ഒരു മെഷീന്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഒരൊറ്റ തൊഴിലാളി മതി. പത്ത് വനിതാ തൊഴിലാളികള്‍ക്ക് ഓരേ സമയം 10 യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.

ജോലി സമയം രണ്ട് ഷിഫ്റ്റാകുമ്പോള്‍ 20 തൊഴിലാളികള്‍ക്ക് ജോലി ലഭിക്കും. എട്ട് മണിക്കൂറില്‍ 50 മുതല്‍ 80 കിലോ വരെ ചകിരി ഈ ഓട്ടോമാറ്റിക്ക് സ്പിന്നിംങ്ങ് മെഷിനിലൂടെ പിരിക്കാന്‍ കഴിയുമെന്ന് സംഘം സെക്രട്ടറി പ്രബിന അനില്‍ പറഞ്ഞു. മുമ്പ് എട്ട് മണിക്കൂറില്‍ 15 മുതല്‍ 30 വരെ ചൂടി പിരിക്കാന്‍ കഴിയുമായിരുന്ന മെഷീന്‍ ഇവിടെയുണ്ടായിരുന്നു. ഇത് മാറ്റിയാണ് ഏറ്റവും നൂതനമായ ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീന്‍ സ്ഥാപിച്ചത്.

തൊഴിലാളികള്‍ക്ക് ആലപ്പുഴയില്‍ നിന്നെത്തുന്ന വിദഗ്ദര്‍ പരിശീലനം നല്‍കും. ചകിരി നാരിലെ കരട് വേര്‍തിരിക്കുന്ന വില്ലോവിംങ്ങ് മിഷ്യനും ഓട്ടോമാറ്റിക് സ്പിന്നിംങ്ങ് മെഷിനും ഉള്‍പ്പടെയുളള യന്ത്ര സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ രണ്ട് ഷിഫ്റ്റുകളിലായി 26 വനിതകള്‍ ആവശ്യമാണ്. നിലവില്‍ 52 തൊഴിലാളികള്‍ ഈ സംഘത്തില്‍ ഉണ്ടെങ്കിലും 45 വയസ്സിന് ചുവടെ പ്രായമുളളവര്‍ക്കാണ് യന്ത്രങ്ങളില്‍ ചൂടി പിരിക്കാനുളള പരിശീലനം നല്‍കുന്നത്.

കയര്‍ മേഖലയിലേക്ക് തൊഴിലാളികള്‍ കടന്നു വരാത്ത പ്രശ്‌നം ഈ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്. കൂലി കുറവ്, ആകര്‍ഷകമല്ലാത്ത ജോലി, കൂടുതല്‍ അധ്വാനം എന്നിവയാണ് ഈ മേഖലയോട് സ്ത്രീകള്‍ മുഖം തിരിക്കാന്‍ കാരണം. എന്നാല്‍ യന്ത്ര സംവിധാനങ്ങള്‍ ഉപയോഗിച്ച് ചൂടി പിരിക്കാന്‍ പരിശീലനം ലഭിച്ചാല്‍ പ്രതിദിനം നല്ലൊരു വരുമാനം ഇവര്‍ക്ക് ലഭിക്കും. ദിവസം 500 രൂപയോളം പ്രതിഫലം ലഭിക്കും.

ചൂടി നിര്‍മ്മാണത്തിന് വേണ്ടത് ആവശ്യത്തിന് പച്ച തൊണ്ടാണ്. 50 കിലോ ചൂടി പിരിക്കാന്‍ 800 മുതല്‍ 1000 വരെ പച്ചത്തൊണ്ട് വേണം. 1000 തൊണ്ടിന് സൊസൈറ്റി നല്‍കുന്നത് 1300 രൂപയാണ്. നാളികേര കര്‍ഷകര്‍ വാഹനത്തില്‍ കയറ്റി കൊണ്ടു വന്ന് സൊസൈറ്റിയില്‍ ഇറക്കി കൊടുക്കുമ്പോഴാണ് ഈ തുക ലഭിക്കുക. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊണ്ട് ശേഖരിക്കാനെത്തുന്നവര്‍ വീടുകളില്‍ പോയി തൊണ്ട് ശേഖരിച്ച് കൊണ്ടു പോകുന്നുണ്ട്. ഇത് കാരണം നാട്ടിലൊരിടത്തും പച്ച തൊണ്ട് കിട്ടാത്ത അവസ്ഥയാണ്.