“മൺറോ തുരുത്തിലേത് രാഷ്ട്രീയ കൊലപാതകമല്ല”: സി.പി.എം വാദം തള്ളി പൊലീസ് റിപ്പോർട്ട്


മൺറോ തുരുത്തിൽ ഹോം സ്റ്റേ ഉടമയെ കുത്തി കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ പ്രേരിതമല്ലെന്ന് പൊലീസ് റിപ്പോർട്ട്. രാഷ്ട്രീയ കൊലപാതകമാണെന്ന സി.പി.എമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും വാദത്തിന് വിരുദ്ധമാണ് പൊലീസ് റിപ്പോർട്ട്. കൊലപാതകം വ്യക്തിവൈരാഗ്യം മൂലമാണെന്നാണ് എഫ്ഐആറിലെയും റിമാൻഡ് റിപ്പോർട്ടിലെയും പരാമർശം.

റിസോർട്ടിലേക്ക് സഞ്ചാരികളെ കൊണ്ടുവരുന്നതിനെച്ചൊല്ലി പ്രതി അശോകനുമായി തർക്കം നിലനിന്നിരുന്നു. മണിലാലിന്റെ ഭാര്യയെ കളിയാക്കിയതിനെ തുടർന്നുള്ള തർക്കവും സംഘർഷത്തിന് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു. കൊലപാതകം നടന്ന ദിവസം, അശോകൻ മുൻവൈരാഗ്യത്തോടെ മണിലാലിനെ അസഭ്യം പറഞ്ഞ ശേഷം കുത്തി കൊലപ്പെടുത്തുകയായിരുനെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. രാഷ്ട്രീയ കൊലപാതകമാണെന്നായിരുന്നു സി.പി.എം നേതൃത്വത്തിന്റെ ആരോപണം.

സി.പി.എം പ്രവർത്തകൻ മയൂഖം ഹോം സ്റ്റേ ഉടമ വില്ലിമംഗലം നിധി പാലസിൽ ആർ.മണിലാലിനെ (50) ഞായറാഴ്ച രാത്രി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ അശോകൻ (56), ഇയാളെ രക്ഷപ്പെടുത്തിയ ഓട്ടോ ഡ്രൈവർ പനിക്കത്തറ വീട്ടിൽ സത്യൻ (58) എന്നിവരെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തിരഞ്ഞെടുപ്പുഫലം വന്നശേഷം നടത്തുമെന്നു റൂറൽ എസ്പി ആർ.ഇളങ്കോ പറഞ്ഞതായാണ് റിപ്പോർട്ട്.