മോഷണക്കേസ് പ്രതിയില്‍ നിന്നും സഹോദരിയുടെ എ.ടി.എം തട്ടിയെടുത്ത് പണം കൈക്കലാക്കി; തളിപ്പറമ്പ് സ്റ്റേഷനിലെ പൊലീസുകാരനെ പിരിച്ചുവിട്ടു
കണ്ണൂര്‍: മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത സംഭവത്തില്‍ പൊലീസുകാരനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. അരലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് നടപടി. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഇ.എന്‍ ശ്രീകാന്തിനെതിരെയാണ് നടപടിയെടുത്തത്.
എ.ടി.എം കാര്‍ഡ് മോഷ്ടിച്ച കേസില്‍ പിടിയിലായ ഗോകുലിന്റെ സഹോദരിയുടെ എ.ടി.എം കാര്‍ഡില്‍ നിന്നാണ് ശ്രീകാന്ത് പണം തട്ടിയത്. സഹോദരിയുടെ എ.ടി.എം ഗോകുലിന്റെ പക്കലായിരുന്നു. ഇത് പിടിച്ചെടുത്ത ശ്രീകാന്ത് അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് പിന്‍ നമ്പര്‍ കൈക്കലാക്കുകയായിരുന്നു. പിന്നീട് 9500 രൂപ പിന്‍വലിക്കുകയും ബാക്കി തുകയ്ക്ക് സാധനങ്ങള്‍ വാങ്ങുകയുമായിരുന്നു.
പണം നഷ്ടപ്പെട്ടെന്ന് മനസിലാക്കിയ സഹോദരി തളിപ്പറമ്പ് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് വെളിവായത്. തുടര്‍ന്ന് ശ്രീകാന്തിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. ഇതിനിടെ പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് കേസ് പിന്‍വലിച്ചെങ്കിലും വകുപ്പുതല നടപടിയുടെ ഭാഗമായാണ് സര്‍വീസില്‍ നിന്നും പുറത്താക്കിയത്.