മോഷണം കോവിഡ് സ്‌റ്റൈലിൽ പി.പി.ഇ കിറ്റണിഞ്ഞ്


ബാലുശ്ശേരി: ബാലുശേരിയിൽ മോഷണം പെരുകുന്നു. കഴിഞ്ഞ രാത്രി ബാലുശ്ശേരി മുക്കിലെയും അറപ്പിടികയിലെയും കച്ചവടസ്ഥാപനങ്ങളിൽ മോഷണം നടന്നു. മൂന്നുപേരടങ്ങിയ സംഘമാണ് കടയുടെ വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയത്. മുഖംമൂടി ധരിച്ചും പി.പി.ഇ. കിറ്റു ധരിച്ചുമാണ് മോഷ്ടാക്കൾ കടകളിൽ മോഷണം നടത്തിയത്. മോഷണം നടത്തുന്നതിന്റെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞിരുന്നു.

അറപ്പീടികയിൽ ലോക്കപ്പ് എന്ന സ്ഥാപനത്തിലും ബാലുശ്ശേരി മുക്കിലെ സി.കെ.ചിക്കൻ എന്ന സ്ഥാപനത്തിലുമാണ് മോഷണം നടന്നത്. ഒരു മാസം മുൻപ് ബാലുശ്ശേരി മഞ്ഞിലാസ് ജൂവലറിയിൽനിന്ന് 15 ലക്ഷത്തോളം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടിരുന്നു.

ബാലുശ്ശേരി ത്രിവേണി സ്റ്റോറിലും മോഷണം നടക്കുകയുണ്ടായി. പലചരക്ക് കടകളും കുത്തിത്തുറന്നിരുന്നു. ഓരോ മോഷണങ്ങൾ നടക്കുമ്പോഴും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിക്കും. അന്വേഷണവും മുറപോലെ നടക്കുന്നുണ്ട്. എന്നാൽ, ഒന്നിനുപോലും ഇതേവരെ തുമ്പുണ്ടായിട്ടില്ല.

ബാലുശ്ശേരി ടൗണിലും പരിസരങ്ങളിലും മോഷണം പെരുകുന്നതിൽ വേവലാതിയിലാണ് കച്ചവടക്കാർ. രാത്രികാലങ്ങളിൽ തെരുവു വിളക്ക് കത്താത്തതും പട്രോളിങ് സംവിധാനം കാര്യക്ഷമമല്ലാത്തതും മോഷണം വർധിക്കാൻ കാരണമാകുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. സംസ്ഥാന പാതയോടുചേർന്നുള്ള ഭാഗത്തെ കടകളിലാണ് മോഷണം നടക്കുന്നത് ബാലുശ്ശേരി മുക്കിലെ കടയിൽനിന്നും വസ്ത്രങ്ങളും പണവും മോഷ്ടിച്ചിട്ടുണ്ട്.