മോതിരം വിരലില്‍ കുടുങ്ങുന്നത് പതിവാകുന്നു; കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ ജീവനക്കാര്‍ മുറിച്ചുമാറ്റിയത് ഏഴു വയസുകാരി ഉള്‍പ്പെടെ രണ്ട് പേരുടെ മോതിരങ്ങള്‍ (വീഡിയോ കാണാം)


കൊയിലാണ്ടി: മോതിരം കൈവിരലില്‍ കുടുങ്ങി ഫയര്‍ സ്റ്റേഷനില്‍ സഹായത്തിനെത്തുന്നവര്‍ പതിവുകാഴ്ചയാകുന്നു. കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ ജീവനക്കാര്‍ ഇന്ന് രണ്ട് പേരുടെ വിരലില്‍ നിന്നാണ് മോതിരം മുറിച്ചു മാറ്റിയത്.

 

ചെങ്ങോട്ടുകാവ് സ്വദേശിയായ അന്‍പത്തി മൂന്ന് വയസുള്ള വിജയന്റെ വീട്ടിലെത്തിയാണ് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. കിടപ്പുരോഗിയായ ഇദ്ദേഹത്തിന്റെ കൈവിരലില്‍ കുടുങ്ങിയ സ്വര്‍ണ്ണ മോതിരമാണ് ജീവനക്കാര്‍ മുറിച്ചു നീക്കിയത്.

 

മൂടാടി സ്വദേശിനിയായ ഏഴുവയസുകാരി ആയിഷ നിജയുടെ കൈവിരല്‍ സ്റ്റീല്‍ മോതിരമാണ് മുറിച്ചു മാറ്റിയത്. മോതിരം കുടുങ്ങി നീര് വന്ന അവസ്ഥയിലായിരുന്നു കുട്ടിയുടെ വിരലുകൾ. ഫയര്‍ സ്റ്റേഷനില്‍ മോതിരം മുറിച്ചെടുക്കാനുള്ള സൗകര്യമില്ലാതിരുന്നതിനാല്‍ തൊട്ടടുത്തുള്ള നെസ്റ്റ് കെയര്‍ഹോമിലേക്ക് കുട്ടിയെ കൂട്ടി കൊണ്ടുപോയി. തുടര്‍ന്ന് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ പ്രമോദ് പി.കെയുടെ സാന്നിധ്യത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മനോജ് പി.വി പ്രത്യേക ഉപകരണം ഉപയോഗിച്ച് ഒരു മണിക്കൂറോളം സമയമെടുത്ത് മോതിരം മുറിച്ച് മാറ്റി.

മോതിരം വിരലില്‍ കുടുങ്ങുന്ന നിരവധി സംഭവങ്ങളാണ് തുടര്‍ച്ചയായി ഉണ്ടാകുന്നത്. എന്നാൽ നിരന്തരമായി വാര്‍ത്തകള്‍ ഉണ്ടായിട്ടും യുവാക്കള്‍ ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കുന്നില്ല. യുവാക്കള്‍ സ്വമേധയാ പിന്‍മാറുകയും രക്ഷിതാക്കള്‍ കുട്ടികളെ ഇത്തരം മോതിരങ്ങളും വളകളും ധരിക്കുന്നതില്‍ നിന്ന് തടയുകയും വേണമെന്നാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

വീഡിയോ കാണാം: