”മൊബൈല്‍ ഫോണ്‍ നഷ്ടമായെന്നും നാട്ടിലെത്താന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് വിളിച്ചിരുന്നു”; കൂരാച്ചുണ്ടിലെ ജംഷിദിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം
പേരാമ്പ്ര: കൂരാച്ചുണ്ട് സ്വദേശി ജംഷിദ് ബംഗളുരുവിലെ മാണ്ഡ്യയില്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം. ജംഷിദിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ മുഹമ്മദ് പൊലീസില്‍ പരാതി നല്‍കി. മുഖ്യമന്ത്രിയ്ക്കും പൊലീസ് മേധാവിയ്ക്കും പരാതി നല്‍കുമെന്നും അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് ജംഷിദ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോയത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു നമ്പറില്‍ നിന്നും സഹോദരിയെ വിളിക്കുകയും ഫോണ്‍ നഷ്ടമായെന്ന കാര്യം അറിയിക്കുകയും ചെയ്തിരുന്നതായി മുഹമ്മദ് പറയുന്നു. റെയില്‍വേയ്ക്ക് സമീപത്തെ കടയില്‍ നിന്നാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്. പിന്നീട് ജംഷിദ് ആവശ്യപ്പെട്ടത് പ്രകാരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരാള്‍ വിളിച്ചിരുന്നു. അവന്റെ ഫോണ്‍ നഷ്ടപ്പെട്ടതായും അവിടെ ഒറ്റപ്പെട്ടുപോയതായും അറിയിച്ചു. മകനെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് അയക്കാന്‍ ഏര്‍പ്പാടുണ്ടാക്കണമെന്ന് തങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. സഹോദരിയുടെ എ.ടി.എം കാര്‍ഡ് ജംഷിദിന്റെ പക്കലുണ്ടായിരുന്നു. ഇതിലേക്ക് പണം അയച്ചുകൊടുക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് കൂരാച്ചുണ്ടിലുള്ള ജംഷീദിന്റെ മറ്റൊരു സുഹൃത്ത് വഴി യാത്രപോയ സംഘത്തിനൊപ്പം എത്തിക്കുകയും ഇവര്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട് എന്ന് അറിയിക്കുകയും ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ ജംഷിദ് നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ പിന്നീട് അറിയുന്നത് ജംഷീദ് മരണപ്പെട്ടു എന്ന വിവരമാണെന്നും മുഹമ്മദ് പറയുന്നു.
മൃതദേഹത്തില്‍ വലിയ പോറലുകളൊന്നുമുണ്ടായിരുന്നില്ല. മുഖത്തും തലയ്ക്കു പിന്നിലും മുറിവുണ്ട്. ഇത് ട്രെയിന്‍ തട്ടിയുണ്ടായതാണോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും മുഹമ്മദ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് മരണത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസിനെ സമീപിച്ചിരിക്കുന്നത്.
ബംഗളുരുവില്‍ നിന്നും നാട്ടിലേക്കുള്ള യാത്രയ്ക്കിടെ രാത്രി ഉറങ്ങാനായി മദ്ദൂരിനടുത്ത് റെയില്‍പ്പാളത്തിനുസമീപം കാര്‍ നിര്‍ത്തിയിരുന്നെന്നും ഉണര്‍ന്നപ്പോള്‍ ജംഷിദ് കാറിലുണ്ടായിരുന്നില്ലെന്നുമാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അടുത്തുള്ള റെയില്‍വേ പാളത്തില്‍ മൃതദേഹം കണ്ടത്. മദ്ദൂര്‍ പോലീസ് സ്റ്റേഷന്റെ പിറകുവശത്തെ റെയില്‍വേ പാളത്തിലായിരുന്നു മൃതദേഹം. മാണ്ഡ്യ മെഡിക്കല്‍ കോളേജിലേക്കുമാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പ്രവാസിയായ ജംഷീദ് ഒന്നര മാസം മുമ്പാണ് ഒമാനില്‍ നിന്ന് അവധിയെടുത്ത് നാട്ടില്‍ വന്നത്. അടുത്ത് മടങ്ങാനിരിക്കേയാണ് മരണം. കൂരാച്ചുണ്ട് ഉള്ളിക്കാംകുഴിയില്‍ മുഹമ്മദിന്റെയും സൗദയുടെയും മകനാണ്. സഹോദരി: മുഹ്‌സിന.