മേലുദ്യോഗസ്ഥനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ റെയില്‍വേ സിഗ്നല്‍ കേബിളുകള്‍ മുറിച്ചു; കോഴിക്കോട് രണ്ടു ജീവനക്കാരെ റെയില്‍വേ പിരിച്ചുവിട്ടു


കോഴിക്കോട്: മേലുദ്യോഗസ്ഥനോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ റെയില്‍വേ സിഗ്‌നല്‍ വയറുകള്‍ മുറിച്ച് തീവണ്ടി ഗതാതം താറുമാറാക്കിയ രണ്ട് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ ജീവനക്കാരായിരുന്ന പ്രവീണ്‍രാജ്, വയനാട് ബത്തേരി സ്വദേശി ജിനേഷ് എന്നിവരെയാണ് ഗുരുതരമായ ചട്ടലംഘനം വ്യക്തമായതിനെത്തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. ഇവര്‍ക്കെതിരെ ആര്‍.പി.എഫ് രജിസ്റ്റര്‍ ചെയ്ത കേസ് കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ മാര്‍ച്ച് 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഫറോക്കിനും വെള്ളയിലിനും ഇടയിലെ റെയില്‍പാളങ്ങളില്‍ അഞ്ചിടത്തായിരുന്നു പ്രതികള്‍ സിഗ്‌നല്‍ വയറുകള്‍ മുറിച്ചുമാറ്റിയത്. സിഗ്‌നല്‍ വയറുകള്‍ പരസ്പരം മാറ്റി നല്‍കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് റെയില്‍വേ സിഗ്‌നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം സീനിയര്‍ ഡിവിഷണല്‍ ഓഫീസര്‍ അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഇരുവരെയും സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുളള തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം നല്‍കി. കോഴിക്കോട് റെയില്‍വേ സിഗ്‌നല്‍ സീനിയര്‍ എഞ്ചിനീയറോടുള്ള വിരോധം തീര്‍ക്കാനാണ് പ്രതികള്‍ സിഗ്‌നലുകള്‍ താറുമാറാക്കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ഇതുകാരണം മൂന്ന് മണിക്കൂറിലധികമാണ് ഈ മേഖലയിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്. ചരക്കുതീവണ്ടികളടക്കം 13 വണ്ടികള്‍ അന്ന് വൈകിയാണ് ഓടിയത്. വിദഗ്ധ പരിശീലനം കിട്ടിയ റെയില്‍വേ തൊഴിലാളികള്‍ തന്നെയാണ് സംഭവത്തിന് പിന്നിലെന്ന് ആദ്യ ഘട്ടത്തില്‍ തന്നെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇരുവര്‍ക്കുമെതിരെ കോഴിക്കോട് ആര്‍.പി.എഫ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോഴിക്കോട് സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 25 ന് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും രണ്ട് ദിവസത്തിനകം കോടതി ജാമ്യം നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരെയും പാലക്കാടേക്കും മംഗളൂരുവിലേക്കും സ്ഥലംമാറ്റി. മദ്യലഹരിയില്‍ സംഭവിച്ച പിഴവെന്നാണ് പ്രതികള്‍ ആര്‍പിഎഫിന് നല്‍കിയ മൊഴി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.