‘മേലില്‍ ഞങ്ങളുടെ വണ്ടി പിടിച്ചാല്‍ വെട്ടിക്കൊല്ലും’; മേപ്പയ്യൂര്‍ സ്വദേശിയായ ഡെപ്യൂട്ടി തഹസില്‍ദാരുടെ വീട്ടില്‍ കയറി ഭീഷണി മുഴക്കിയ നാലംഗ സംഘം അറസ്റ്റില്‍


മേപ്പയ്യൂർ: കൊയിലാണ്ടി ഡെപ്യൂട്ടി തഹസിൽദാരുടെ വീട്ടിൽ കയറി ഭീഷണി മുഴക്കിയവരെ മേപ്പയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് നരക്കോട് എടപ്പങ്ങാട്ട് മീത്തൽ വീട്ടിൽ താമസിക്കുന്ന കൊയിലാണ്ടി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ഇ.എം.ബിജുവിൻ്റെ വീട്ടിലെത്തിയ നാലംഗ സംഘം ഗേറ്റ് തകർത്ത് വീട്ടുമുറ്റത്ത് നിന്ന് ഭീഷണി മുഴക്കിയത്. രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി ഭീഷണി മുഴക്കിയത്.

‘മേലിൽ വണ്ടി പിടിച്ചാൽ നീ റോഡിലിറങ്ങില്ല. വെട്ടിക്കൊല്ലും. വേണമെങ്കിൽ മക്കളേയും കൊല്ലും.’ എന്നെല്ലാമാണ് സംഘം ഡെപ്യൂട്ടി തഹസിൽദാരെ ഭീഷണിപ്പെടുത്തിയത്. വിവരം അറിയിച്ചതിനെ തുടർന്നെത്തിയ നാട്ടുകാർ സംഘത്തെ തടഞ്ഞുവച്ചു. തുടർന്ന് പൊലീസെത്തി നാലംഗ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് കൊയിലാണ്ടി തഹസിൽദാർ സി.പി.മണിയും റവന്യൂ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി.

മേപ്പയൂർ സി.ഐ കെ.ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബാലുശ്ശേരി എരമംഗലം കൈതാൽ പ്രകാശൻ (34), കോക്കല്ലൂർ പെരിയപറമ്പത്ത് രജീഷ് (39)
കിഴക്കോളശ്ശേരി സജീഷ് (34), കോക്കല്ലൂർ കോമത്ത് സുബിലേഷ് (38) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞയാഴ്ച നടന്ന സംഭവങ്ങളാണ് ഭീഷണിപ്പെടുത്തിയതിന് കാരണമായി പറയുന്നത്. താലൂക്ക് പരിധിയിലെ കാഞ്ഞിക്കാവിൽ നിന്ന് മണ്ണുമാന്തി യന്ത്രവും ടിപ്പർ ലോറിയും ഡെപ്യൂട്ടി തഹസിൽദാർ ഇ.എം.ബിജുവിന്റെ നേതൃത്വത്തിലുള്ള റവന്യൂ സ്ക്വോഡ് പിടിച്ചെടുത്തിരുന്നുവെന്ന് കൊയിലാണ്ടി തഹസിൽദാർ സി.പി.മണി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. താലൂക്ക് ഓഫീസിൽ ഫൈൻ അടപ്പിച്ച ശേഷം വണ്ടി വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരമായാണ് പ്രതികൾ വീട്ടിൽ കയറി ഭീഷണി മുഴക്കിയിരിക്കുന്നത്. ഉണ്ടായിരിക്കുന്നത്.

അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയെന്ന് മേപ്പയ്യൂർ സി.ഐ കെ.ഉണ്ണികൃഷ്ണൻ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഡെപ്യൂട്ടി തഹസിൽദാരുടെ പരാതി പ്രകാരം ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ കേരള റവന്യുഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് അസോസിയേഷൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.