മേപ്പയ്യൂര്‍, ബാലുശ്ശേരി സ്വദേശികളുൾപ്പടെ നാല് മലയാളികൾക്ക് എയർ അറേബ്യ വിമാനത്തിൽ വിഐപി യാത്ര


കോഴിക്കോട്: നാല് മലയാളികള്‍ക്ക് വേണ്ടി ഒരു എയര്‍ അറേബ്യ വിമാനം കോഴിക്കോട് നിന്ന് ഷാര്‍ജയിലേക്ക് പറന്നു. ഒട്ടനവധി ആശയക്കുഴപ്പങ്ങള്‍ കാരണം വിമാനയാത്രക്ക് തടസം നേരിടുന്ന കാലത്താണ് നാല് പ്രവാസികള്‍ക്ക് ഇത്തരത്തില്‍ വിഐപി യാത്ര ലഭിച്ചത്.

ബാലുശ്ശേരി സ്വദേശി റാഷിദ് അബാസ്, മേപ്പയൂര്‍ സ്വദേശി നൗഷാദ്, മലപ്പുറം സ്വദേശി മുഹമ്മദ് കുട്ടി, കാസര്‍ഗോഡ് സ്വദേശി ഫാറൂഖ് എന്നിവരാണ് എയര്‍ അറേബ്യ വിമാനത്തില്‍ രാജകീയ യാത്ര നടത്തിയത്. 48 മണിക്കൂറിനിടെ പിസിആര്‍ പരിശോധന നടത്തിയിരുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് റാപ്പിഡ് ടെസ്റ്റ് എടുക്കേണ്ടി വന്നില്ല എന്നാണ് ഇവര്‍ പറയുന്നത്.

എയര്‍ അറേബ്യയുടെ 160 പേരുടെ സീറ്റിംഗ് കപ്പാസിറ്റിയുടെ വിമാനത്തിലാണ് ഓരോരുത്തര്‍ക്കും പ്രത്യേകം എയര്‍ഹോസ്റ്റസുമായി വിമാനം പറന്നത്. എട്ട് പേര്‍ ചേര്‍ന്നാണ് വിമാനം ചാര്‍ട്ടര്‍ ചെയ്തിരുന്നെങ്കിലും യാത്ര ചെയ്യാന്‍ ഇവര്‍ നാല് പേരാണ് ഉണ്ടായിരുന്നത്. ഗോള്‍ഡന്‍ വിസക്കാര്‍ക്കും, നിക്ഷേപകര്‍ക്കും, പാര്‍ട്ടണര്‍ വിസക്കാര്‍ക്കും യുഎഇ ലേക്ക് മടങ്ങാന്‍ അനുമതിയുണ്ട് അങ്ങിനെയാണ് ഇവര്‍ സഞ്ചരിച്ചത്.

ചാര്‍ട്ടര്‍ വിമാനത്തില്‍ ഒരാള്‍ക്ക് ഇരുപത്തിരണ്ടായിരം ദിര്‍ഹമാണ് വേണ്ടതെങ്കില്‍ എയര്‍ അറേബ്യ വിമാനത്തില്‍ വിഐപി പറക്കലിന് ഒരാള്‍ക്ക് ചെലവായത് വെറും എട്ടായിരം ദിര്‍ഹം മാത്രമാണ്. രണ്ട് ദിവസം മുന്‍പ് കോഴിക്കോട് സ്വദേശി ജയപ്രകാശ് തയ്യില്‍ ഇത്തരത്തില്‍ യാത്ര ചെയ്തിരുന്നു.