മേപ്പയ്യൂരില്‍ കോവിഡ് കണക്കുകള്‍ ഉയര്‍ന്നുതന്നെ: ഇന്ന് സ്ഥിരീകരിച്ചത് 55 പേര്‍ക്ക്
മേപ്പയ്യൂര്‍: പഞ്ചായത്തില്‍ കോവിഡ് കണക്കുകള്‍ ഉയര്‍ന്നുതന്നെ. 55 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ടു ചെയ്ത പഞ്ചായത്തും മേപ്പയ്യൂരാണ്.
പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ ഇപ്പോഴും കണ്ടെയ്ന്മെന്റ് സോണിലാണ്. നരക്കോട്, വിളയാട്ടൂര്‍, കായലാട്, മേപ്പയ്യൂര്‍ ടൗണ്‍, ചങ്ങരംവെള്ളി എന്നീ വാര്‍ഡുകളാണ് കണ്ടെയ്ന്മെന്റ് സോണിലുള്ളത്.
കോഴിക്കോട് ജില്ലയില്‍ 2057 കോവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ടി.പി.ആര് 16.33% ആയി കുറഞ്ഞിട്ടുണ്ട്.
സമ്പര്‍ക്കം വഴി 2030 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്നും വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഒരാള്‍ക്കും ആരോഗ്യ പ്രവര്‍ത്തകരില്‍ 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 12818 പേരെ പരിശോധനക്ക് വിധേയരാക്കി.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3070 പേര് കൂടി രോഗമുക്തി നേടി. 16.33 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച 31171 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 7309 പേര് ഉള്‍പ്പടെ 94253 പേര് ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 949235 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. 2381മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.