മേപ്പയ്യൂരില്‍ കൊവിഡ് വ്യാപനം രൂക്ഷം; പന്ത്രണ്ട് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍; വാർഡുകളും നിയന്ത്രണങ്ങളും വിശദമായി അറിയാം


മേപ്പയ്യൂര്‍: കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലും മേപ്പയ്യൂരില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു. കേസുകള്‍ വര്‍ധിച്ച പന്ത്രണ്ട്
വാര്‍ഡുകള്‍ കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ പതിനേഴ് വാര്‍ഡുകളില്‍ പന്ത്രണ്ടും ഇപ്പോള്‍ കണ്ടെയിന്‍മെന്റ് സോണുകളാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാല്‍പ്പതിന് മുകളിലാണ് മേപ്പയ്യൂരിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം. ഇന്നലെ മാത്രം 55 പേര്‍ക്കാണ് പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 536 പേരാണ് പഞ്ചായത്തില്‍ ചികിത്സയില്‍ കഴിയുന്നത്. കൊവിഡ് കേസുകള്‍ കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികാരികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കണ്ടയ്ന്‍മെന്റ് സോണായ വാര്‍ഡുകളും കൊവിഡ് രോഗികളുടെ എണ്ണവും

  • ജനകീയമുക്ക് (വാര്‍ഡ് 2) -23
  • മേപ്പയ്യൂര്‍ (3) – 25
  • എടത്തില്‍മുക്ക് (4) -26
  • മടത്തുംഭാഗം (5) – 30
  • ചങ്ങരംവള്ളി (6) -32
  • കായലാട് (7) -45
  • മേപ്പയ്യൂര്‍ ടൗണ്‍ (8) -36
  • കൊഴുക്കല്ലൂര്‍ (9) – 47
  • നിടുമ്പൊയില്‍ (11) -40
  • മരുതേരിപ്പറമ്പ് (13) -46
  • പാവട്ടുകണ്ടിമുക്ക് (15) -33
  • നരിക്കുനി (17) – 42

പഞ്ചായത്തിലെ നാല് വാര്‍ഡുകളില്‍ നാല്‍പ്പതിന് മുകളിലാണ് കൊവിഡ് രോഗികളുടെ എണ്ണം. വാര്‍ഡ് ഒമ്പത്,11,13,17 എന്നിവയാണ് അവ. മുപ്പതിന് മുകളില്‍ ആളുകളാണ് വാര്‍ഡ് അഞ്ച്, ആറ്, എട്ട്, പതിനഞ്ച് എന്നീ വാര്‍ഡുകളില്‍ ചികിത്സയില്‍ കഴിയുന്നത്. പഞ്ചായത്തില്‍ ആകെ 536 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പാലിച്ച് കൊണ്ട് ജനങ്ങള്‍ സഹകരിച്ചാല്‍ മാത്രമാണ് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുകയുള്ളുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

അനുവദനീയമായത്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഓഫിസുകള്‍, ആരോഗ്യവകുപ്പ്/പോലീസ്, ഹോം-ഗാര്‍ഡ്/ഫയര്‍ ആന്റ് റസ്‌ക്യൂ/എക്സൈസ്/റവന്യൂ ഡിവിഷണല്‍ ഓഫീസ്/താലൂക്ക് ഓഫീസ്/വില്ലേജ് ഓഫീസ്/ട്രഷറി/കെ.എസ്.ഇ.ബി/വാട്ടര്‍ അതോറിറ്റി പാല്‍ സംഭരണം വിതരണം/പാചകവാതകവിതരണം/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍/ പൊതുവിതരണവകുപ്പ്/എടിഎം/ അക്ഷയ സെന്ററുകള്‍ (ഡികാറ്റഗറിയില്‍ പാടില്ല) എന്നിവ തുറന്ന് പ്രവര്‍ത്തിക്കാം.

ദുരന്തനിവാരണപ്രവര്‍ത്തികള്‍ തടസ്സം കൂടാതെ നടത്തുന്നതിനായി ജില്ലാനിര്‍മ്മിതി കേന്ദ്ര, പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷന്‍, വകുപ്പുകളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. ഈ വകുപ്പുകളിലെ/സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഔദ്യാഗിക തിരിച്ചറിയല്‍ കാര്‍ഡ് പരിശോധനാ ഉദ്യോഗസ്ഥരെ കാണിച്ച് യാത്രാനുമതി വാങ്ങണം.

നിയന്ത്രണങ്ങള്‍

1.നിയന്ത്രണങ്ങളില്‍ ഏറ്റവും പ്രധാനം ഡബ്ലിയു ഐ പി ആര്‍ അടിസ്ഥാനത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പഞ്ചായത്ത്/കോര്‍പ്പറേഷന്‍/ മുനിസിപ്പല്‍ വാര്‍ഡുകളിലും അകത്തേക്ക് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ല.
2. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമേ അനുവദനീയമായിട്ടുളളൂ. പ്രവര്‍ത്തന സമയം രാവിലെ ഏവ് മണി മുതല്‍ ഉച്ചയ്ക്ക് 2 വരെ, മരുന്നു ഷോപ്പുകള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സമയപരിധില്ല.
3. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഹോം ഡെലിവറി മാത്രം. രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ പ്രവര്‍ത്തിക്കാം.
4. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഉച്ചയ്ക്ക് 2 മണി വരെ മാത്രം പ്രവര്‍ത്തിക്കാം.
5. കള്ളു ഷോപ്പുകളില്‍ ഉച്ചയ്ക്ക് 2 മണി വരെ പാര്‍സല്‍ മാത്രം അനുവദിക്കുന്നതാണ്.
6. അവശ്യ സര്‍വീസുകളില്‍ ഉള്‍പ്പെട്ട പൊലീസ്, റവന്യൂ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹാജരായി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടത്.
7. നിയന്ത്രണങ്ങള്‍ കാരണം പുറത്തു പോകാന്‍ കഴിയാത്ത മറ്റു സ്ഥലങ്ങളിലെ ഉദ്യോഗസ്ഥരും ഇതേ രീതിയില്‍ ചെയ്യേണ്ടതാണ്.
8. എം.എസ്.എം.ഇ യൂണിറ്റുകള്‍ നിയന്ത്രണവിധേയമായി പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാല്‍ നിയന്ത്രണമുള്ള വാര്‍ഡില്‍ നിന്നും പ്രദേശത്തുനിന്നും ആരുംതന്നെ വിലക്ക് ലംഘിച്ച് യാത്ര ചെയ്ത് ജോലിക്ക് വരാന്‍ പാടില്ല.
9. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാവുന്നതാണ്. എന്നാല്‍ നിയന്ത്രണമുള്ള വാര്‍ഡില്‍ നിന്നും പ്രദേശത്തുനിന്നും ആരുംതന്നെ വിലക്ക് ലംഘിച്ച് യാത്ര ചെയ്തു ജോലിക്ക് വരാന്‍ പാടില്ല.
10. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയന്ത്രണങ്ങളോടെ തുടരാവുന്നതാണ്. അഞ്ചു പേരില്‍ കൂടുതല്‍ ഇല്ലാത്ത ഗ്രൂപ്പുകളായി മാത്രമേ തൊഴിലില്‍ ഏര്‍പ്പെടാവൂ.
11. ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
12. വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും പത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ പാടില്ല.
13. മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളിലും പഞ്ചായത്തുകളിലും ഉള്ള എല്ലാവരെയും ഒരാഴ്ചക്കകം കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.
14. മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതാണ്
15. അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും ഉച്ചയ്ക്ക് 2 വരെ.
16. നാഷണല്‍ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്ര ചെയ്യുന്നവര്‍ ഈ വാര്‍ഡുകളില്‍ ഒരിടത്തും നില്‍ത്താന്‍ പാടില്ല.
17. ഈ വാര്‍ഡുകളില്‍ രാത്രി 10 മമി മുതല്‍ രാവിലെ 6 മണിവരെയുള്ള യാത്രകള്‍ പൂര്‍ണ്ണമായി നിരോധച്ചു. അടിയന്തര വൈദ്യ സഹായത്തിനുള്ള യാത്രകള്‍, അടുത്ത ബന്ധുക്കളുടെ , മരണവുമായി ബന്ധപ്പെട്ട യാത്രകള്‍, ദീര്‍ഘദൂര യാത്രകള്‍, ചരക്കുനീക്കം എന്നീ യാത്രകള്‍ക്കും മാത്രമേ ഇളവ് ഉണ്ടായിരിക്കുകയുള്ളൂ.

കണ്ടെയിന്‍മെന്റ് സോണില്‍ തദ്ദേശസ്വയംഭരണ സ്ഥാപന ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തും. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005 ലെ ദുരന്തനിവാരണനിയമം സെക്ഷന്‍ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ അനുസരിച്ചും ഇന്‍ഡ്യന്‍ പീനല്‍ കോഡ് 188, 269 വകുപ്പുകള്‍ പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.