മെയ്മാസത്തെ ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി; ആദ്യഘട്ടത്തില്‍ വിതരണം മഞ്ഞകാര്‍ഡുകാര്‍ക്ക്


തിരുവനന്തപുരം: മെയ് മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങി. എഎവൈ(മഞ്ഞ) കാര്‍ഡുകാര്‍ക്കാണ് ആദ്യഘട്ടത്തില്‍ വിതരണം. ആദിവാസി–ഗോത്രവിഭാഗങ്ങളിലുള്ളവര്‍ ഉള്‍പ്പെടെയുള്ള 5.92 ലക്ഷം കാര്‍ഡുകാരാണ് ഈ വിഭാഗത്തിലുള്ളത്. റേഷന്‍ കടകളില്‍ ആവശ്യത്തിന് കിറ്റ് എത്തിച്ചിട്ടില്ലെന്ന വാര്‍ത്ത തെറ്റാണെന്നും അധികൃതര്‍ അറിയിച്ചു.

എഎവൈ കാര്‍ഡുകാരുടെ കിറ്റ് വിതരണം തീരുന്ന മുറയ്ക്ക് മുന്‍ഗണനാ വിഭാഗത്തിനും (പിങ്ക്), മുന്‍ഗണനേതര വിഭാഗം–സബ്സിഡി (നീല), മുന്‍ഗണനേതര വിഭാഗം നോണ്‍സബ്സിഡി (വെള്ള) കാര്‍ഡുകാര്‍ക്കും കിറ്റ് നല്‍കും. ഏപ്രിലിലെ കിറ്റ് വിതരണം തുടരുകയാണ്. 82 ലക്ഷം പേര്‍ ഇതുവരെ കിറ്റ് വാങ്ങി. സപ്ലൈകോയ്ക്കാണ് കിറ്റ് തയ്യാറാക്കാനുള്ള ചുമതല. വിതരണ തീയതിക്കനുസരിച്ച് കിറ്റ് റേഷന്‍ കടകളില്‍ എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ജൂണിലും കിറ്റ് വിതരണമുണ്ടാകും.