മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള വിശ്രമ മുറിയുടെ ചുമർ ഇടിഞ്ഞു വീണു; പൊലീസുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു


കോഴിക്കോട് : മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള വിശ്രമ മുറിയുടെ ചുമർ ഇടിഞ്ഞു വീണു.‌ ഈ കെട്ടിടത്തിനു 45 വർഷത്തിലേറെ പഴക്കമുണ്ട്. -കഴിഞ്ഞയാഴ്ച ചക്കോരത്തുകുളം ഇഎസ്ഐ ഡിസ്‌പെൻസറിയുടെ ഒന്നാം നിലയുടെ തറ തകർന്നു വീണ് രണ്ട് ജീവനക്കാർക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതേ അവസ്ഥ തന്നെയാണ്‌ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലും ഉണ്ടാകുമായിരുന്നു.

തലനാരിഴയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്. പൊലീസുകാർ വിശ്രമിക്കുന്ന ഈ മുറിയുടെ മുകളിലാണ് കന്റീനും പ്രവർത്തിക്കുന്നത്. ചുമർ കെട്ടിടത്തിനു പുറത്തേക്ക് വീണതിനാൽ ആർക്കും പരുക്കേറ്റില്ല. ഇതോടെ സ്റ്റേഷനിലെ കന്റീൻ പ്രവർത്തനം നിർത്തിവച്ചു. ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്ന പൊലീസുകാർ രാത്രി ജോലി കഴിഞ്ഞ് അൽപനേരം വിശ്രമിക്കാൻ ഈ മുറിയായിരുന്നു ഉപയോഗിച്ചിരുന്നത്. സ്റ്റേഷന്റെ തന്നെ ജനമൈത്രി ഹാൾ വിശ്രമ മുറിയാക്കി മാറ്റി. ഡിസിപി സ്വപ്നിൽ എം.മഹാജൻ, മെഡിക്കൽ കോളജ് എസി എൻ.മുരളീധരൻ എന്നിവർ‍ സ്ഥലം സന്ദർശിച്ചു.