മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം: അഡ്വ: കെ.പ്രവീണ്‍ കുമാര്‍
പേരാമ്പ്ര: മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ്ഡന്റ് അഡ്വ: കെ.പ്രവീണ്‍ കുമാര്‍ പറഞ്ഞു. കൂത്താളി മണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളുടെ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസം നേടുന്നതിനനുസരിച്ച് മൂല്യബോധവും വളരേണ്ടതുണ്ട്. സമൂഹത്തിന്റെ പ്രയാസങ്ങള്‍ അറിയാനും സഹജീവികളോട് കരുണ കാണിക്കാനും വിദ്യാര്‍ഥികള്‍ക്ക് കഴിയണം.മാതാ പിതാക്കള്‍ അവര്‍ക്ക് കണ്‍കണ്ട ദൈവമായിരിക്കണം. പുതു തലമുറയുടെ വക്താക്കളായ വിദ്യാര്‍ത്ഥികള്‍ സാമൂഹ്യ മാറ്റത്തിന്റെ ചാലകശക്തികളാകട്ടെ എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
മണ്ഡലം പ്രസിഡന്റ് ഓണിയില്‍ മോഹന്‍ദാസ് ആദ്ധ്യക്ഷത വഹിച്ചു. സത്യന്‍ കടിയങ്ങാട്, രാജേഷ് കീഴരിയൂര്‍, രാജന്‍.കെ പുതിയെടുത്ത്, സി. കെ.ബാലന്‍, എന്‍.കെ കുഞ്ഞബ്ദുള്ള, കുഞ്ഞികൃഷ്ണന്‍ തുറശേരിക്കണ്ടി, രാജീവന്‍ പുതിയോട്ടില്‍, സായൂജ്, അമ്പലകണ്ടി എ.കെ.മനോജ്, വിജയന്‍ അമ്പലകണ്ടി, ഇ.വി.മനോജ്, അമിത്ത് എടാണിയില്‍, സി.എച്ച് രാഘവന്‍ എന്നിവര്‍ സംസാരിച്ചു.