മൂന്ന് കുഞ്ഞിളം കിളികൾ, തത്തകൾ; കാറ്റത്ത് മരം വീണപ്പോൾ അമ്മക്കിളി ജീവൻ വെടിഞ്ഞു, കുരുന്നുകളെ രക്ഷപ്പെടുത്തി പരിചരിച്ച് വായനാരിയിലെ കൊച്ചു മിടുക്കികൾ
കൊയിലാണ്ടി: ദുരിതകാലം തീർത്ത അനുഭവങ്ങളിൽ നിന്നുമാവാം സഹജീവി സ്നേഹത്തിന്റെ വിലയേറിയ പാഠങ്ങൾ പകർന്നു നൽകാൻ കുരുന്നുകളും മുൻ നിരയിൽ തന്നെയുണ്ട്. വായനാരി നിരഞ്ജനയും മീനാക്ഷിയുമാണ് ശക്തമായ മഴയിൽ അമ്മക്കിളിയെ നഷ്ടപ്പെട്ട കുരുന്ന് ജീവനുകൾക്ക് കരുതലൊരുക്കുന്നത്.
കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും പലയിടങ്ങളിലും വ്യാപകമായി മരങ്ങൾ കടപുഴകി വീണിരുന്നു. കൊയിലാണ്ടി വായനാരി വിനോദിന്റെ വീട്ടിലെ തെങ്ങ് മുറിഞ്ഞ് വീണപ്പോൾ തെങ്ങിൻ പൊത്തിലുണ്ടായിരുന്ന മരതത്തയും മൂന്ന് കുരുന്നുകളും മരണമുഖത്തായിരുന്നു.
അമ്മക്കിളിയെ രക്ഷപ്പെടുത്താനായില്ല എങ്കിലും പരിചരണം നൽകി പക്ഷി കുരുന്നുകളെ തിരികെ ജീവിതത്തിലെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് വിനോദിന്റെ മരുമക്കളായ കൊച്ചു മിടുക്കികൾ.