മൂടാടി പഞ്ചായത്ത് കൈവിട്ടില്ല; ബസ്സ്സ്റ്റോപ്പിനോട് യാത്ര പറഞ്ഞ് കരുതലിന്റെ തണലിലേക്ക് നന്തിയിലെ അഗതികളായ സഹോദരങ്ങൾ


മൂടാടി: മഹാദുരിതത്തിൽ പകച്ചു നിൽക്കുന്ന കാലത്ത് നന്തിയിലെ അഗതികളായ സഹോദരങ്ങളുടെ ജീവിതത്തിൽ സംരക്ഷണമൊരുക്കി പുതു വെളിച്ചം പകർന്നിരിക്കയാണ് മൂടാടി ഗ്രാമപഞ്ചായത്ത്. ഇരു കണ്ണുകൾക്കും കാഴ്ചയില്ലാത്ത സഹോദരനെയും കൊണ്ട് നന്തി ടൗണിലെ ബസ്സ് സ്റ്റോപ്പിൽ ചെരുപ്പ് തുന്നുന്ന ആരോരും തുണയില്ലാത്ത സഹോദരങ്ങൾക്കാണ് സഹായം ലഭിച്ചത്.

തലചായ്ക്കാൻ സ്വന്തമായി വീടില്ലാത്തതിനാൽ ബസ്സ് സ്റ്റോപ്പിൽ തന്നെയായിരുന്നു ഇവരുടെ ഊണും ഉറക്കവും. കോവിഡ് ഉയർത്തിവിട്ട ജീവിത പ്രതിസന്ധി ഈ പാവങ്ങളെയും സാരമായി ബാധിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള അടച്ചുപൂട്ടലിൽ നിത്യവൃത്തി നഷ്ടപ്പെട്ട ഇവർക്ക് ലഭിച്ചു കൊണ്ടിരുന്ന തുച്ഛമായ വരുമാനവും ഇല്ലാതായി മാറി. കിടപ്പാടത്തിനും ഭക്ഷണത്തിനും മറ്റും പ്രയാസമനുഭവിക്കുന്ന ഈ സഹോദരങ്ങളുടെ അവസ്ഥ തിരിച്ചറിഞ്ഞ് താമസ സംവിധാനവും ഭക്ഷണവും ഒരുക്കിയിരിക്കയാണ് പഞ്ചായത്ത് അധികൃതർ.

പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.കെ.മോഹനൻ, ടി.കെ.ഭാസ്ക്കരൻ എന്നിവർ ഇടപെട്ടാണ് ഇവർക്ക് സൗകര്യങ്ങൾ ഒരുക്കിയത്.