മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിൽ കവർച്ച നടത്തിയ പ്രതി സജീഷ് അറസ്റ്റിൽ; ഇയാൾ ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്നതിൽ വിദഗ്ധൻ, കുടുക്കിയത് സി.സി.ടി.വി ദൃശ്യങ്ങൾ, ദൃശ്യങ്ങൾ കാണാം


കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിലെ ഭണ്ഡാരം കവർന്ന കേസിലെ പ്രതിയെ കൊയിലാണ്ടിയിലെത്തിച്ചു. എടപ്പാൾ കാലടി കൊട്ടാരപ്പുറത്ത് സജീഷ് (43) നെയാണ് കവർച്ച നടന്ന ഉരുപുണ്യ കാവ് ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. എസ്.ഐ അരവിന്ദൻ, സീനിയർ സിപിഒ ബിജു വാണിയംകുളം, സുരേഷ്.ഒ.കെ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.

2020 ഡിസംബർ 31 നാണ് ഉരുപുണ്യ കാവ് ക്ഷേത്രത്തിൽ ഭണ്ഡാര കവർച്ച നടത്തിയത്. ക്ഷേത്രത്തിലെ സിസിടിവി യിലെ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. പിന്നീട് മറ്റൊരു കവർച്ചാ കേസിൽ ചങ്ങരംകുളം പോലീസ് സജീഷിനെ അറസ്റ്റ് ചെയ്തപ്പോഴാണ് ഉരുപുണ്യ കാവ് ക്ഷേത്രത്തിലെ കവർച്ചയുടെ വിവരങ്ങളും പുറത്തു വന്നത്.

ഉത്തര കേരളത്തിലെ കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവാണ് സജീഷ്. ഇയാൾക്കെതിരെ നിരവധി ഭണ്ഡാര മോഷണ കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു. സജീഷിനെ പെരുന്തൽമണ്ണ സബ് ജെയിലിൽ നിന്നാണ് കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.