മൂങ്ങയുടേതു പോലെയുള്ള മുഖം, ശരീരത്തിന് ചാര നിറം; കല്ലോടിലെ ദിവാകരന്റെ വീട്ടില്‍ പറന്നെത്തി മാക്കാച്ചിക്കാട, വീഡിയോ കാണാം


പേരാമ്പ്രയില്‍ വിരുന്നെത്തി മാക്കാച്ചിക്കാട. ഉള്‍വനങ്ങളില്‍ മാത്രം കണ്ടുവരാറുള്ള അപൂര്‍വയിനം പക്ഷിയാണ് കല്ലോട് പുത്തേത്ത് പറമ്പില്‍ ദിവാകരന്റെ വീട്ടിലെത്തിയത്. Sri Lankan frogmouth അല്ലെങ്കില്‍ Ceylon frogmouth എന്ന ശാസ്ത്രിയ നാമത്തില്‍ അറിയപ്പെടുന്ന മാക്കാച്ചിക്കാടയുടെ ചിത്രങ്ങള്‍ പക്ഷിനിരീക്ഷകനും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ അഭിജിത്ത് പേരാമ്പ്രയാണ് ക്യാമറയില്‍ പകര്‍ത്തിയത്.

മൂങ്ങയുടേതു പോലെയുള്ള മുഖമാണിതിന്. കാഴ്ചയില്‍ രാച്ചുക്ക് ആയി (Nightjar) തെറ്റിദ്ധരിക്കാം. രാത്രികാലങ്ങളില്‍ മാത്രമാണ് സഞ്ചരിക്കുക. പകല്‍ കണ്ടെത്താനേ കഴിഞ്ഞെന്ന് വരില്ല. ചാരനിറമായതിനാല്‍ ഇരിക്കുന്ന കൊമ്പിന്റെ നിറവുമായി ലയിച്ചുചേരുന്ന പക്ഷിയെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുമാണ്.

വായ തവളയുടെത് പോലെ ആണ്. അത് കൊണ്ടാകണം ഫ്രോഗ് മൌത്ത് എന്ന് പേര് വന്നത്. ജനുവരി- ഏപ്രില്‍ മാസങ്ങളിലെ ഇടവേളയില്‍ ഇണ ചേരുന്ന പക്ഷി ഒരു മുട്ടയാണ് ഒരു വര്‍ഷം ഇടുക. മുട്ട വിരിയാന്‍ ഒരു മാസം വേണം. പന്നലുകളും പായലുകളും മരത്തില്‍ തൊലിയും ചേര്‍ത്തു വട്ടത്തില്‍ ചെറിയൊരു കൂട് ഉണ്ടാക്കുകയും അതില്‍ മുട്ടയിട്ടു വിരിയിക്കുകയുമാണ് പതിവ്. മറ്റൊരു സവിശേഷമായ പ്രത്യേകത ആണ്‍ പക്ഷിയും മുട്ടയ്ക്ക് അടയിരിക്കാറുണ്ടെന്നതാണ്. മുട്ടവിരിയുന്നതോടെ ആണ്‍പക്ഷി കൂടു തകര്‍ത്തുകളയാറാണ് പതിവ്.

പശ്ചിമഘട്ടത്തില്‍ പലയിടത്തും ഈ പക്ഷിയെ കണ്ടിട്ടുണ്ട്. ശ്രീലങ്കയിലാണ് 1800ഇല്‍ ആദ്യമായി ഇതിനെ കണ്ടതായി രേഖയുള്ളത്. പ്രധാനമായും പ്രാണികളെ ആഹാരമാക്കുന്ന മാക്കാച്ചികാട രാത്രി ഇര തേടുന്ന പക്ഷിയാണ്. കാടിന്റെ താഴ് വാരങ്ങളില്‍ ഉള്ള കുറ്റി കാടുകളുടെ തൊട്ടു മുകളിലായി വളരെ ഉയരത്തിലല്ലാതെ ആണ് ഇതിന്റെ ചേക്കിരിപ്പ്.

വീഡിയോ കാണാം