മുഹമ്മദ് റിയാസും ടി.വി.രാജേഷ് എംഎല്‍എയും റിമാന്‍ഡില്‍


കോഴിക്കോട്: ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ പി.എ.മുഹമ്മദ് റിയാസ്, കല്ല്യാശ്ശേരി എംഎൽഎ ടി.വി.രാജേഷ് എന്നിവരെ റിമാൻഡ് തടവിലാക്കാൻ കോടതി ഉത്തരവിട്ടു. കോഴിക്കോട് സിജെഎം കോടതി നാലാണ് റിമാൻഡ് തടവിലാക്കാൻ ഉത്തരവിട്ടത്.

2016-ൽ വിമാനസര്‍വ്വീസുകൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് എയര്‍ ഇന്ത്യ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. മാര്‍ച്ചിന് നേതൃത്വം നൽകിയ അന്നത്തെ ഡിവൈഎഫ്ഐ നേതാക്കളായ മുഹമ്മദ് റിയാസ്, ടി.വി.രാജേഷ്, കെ.കെ.ദിനേശൻ എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ കേസിലാണ് ഇപ്പോൾ കോടതി പ്രതികളെ റിമാൻഡിലാക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

നേരത്തെ കേസിൽ പ്രതികളെല്ലായ നേതാക്കളെല്ലാം ജാമ്യം നേടിയിരുന്നുവെങ്കിലും പിന്നീട് ഇവരുടെ ജാമ്യം റദ്ദായി. തുടര്‍ന്ന് കേസിൽ ഹൈക്കോടതി ഇടപെടുകയും നേതാക്കളോട് വിചാരണ കോടതിയിൽ ഹാജരാവാൻ നിര്‍ദേശിക്കുകയും ചെയ്തു. വിഷയത്തിൽ ഉചിതമായ നടപടിയെടുക്കാൻ വിചാരണ കോടതിക്കും ഹൈക്കോടതി നിര്‍ദേശം നൽകിയിരുന്നു.